കേരളത്തില്‍ മാറ്റം വേണമെന്ന് പ്രധാനമന്ത്രി; ഇക്കുറി താമര വിരിയുമെന്ന് ഉറപ്പായെന്നും മോദി

പത്തനംതിട്ട: കേരളത്തില്‍ താമര വിരിയുമെന്ന് ഉറപ്പായെന്നും ബിജെപി എംപിമാരുടെ എണ്ണം രണ്ടക്കം കടക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തനംതിട്ടയില്‍ അനില്‍ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ സംസാരിക്കുകയായിരുന്നു മോദി. കേരളത്തിലെ ജനങ്ങൾക്ക് യുവത്വത്തിന്റെ ഊർജമാണ് ബിജെപി നല്‍കുന്നത്. അനിൽ ആന്റണി യുവത്വത്തിന്റെ പ്രതീകമാണ്-മോദി പറഞ്ഞു.

സ്വതസിദ്ധമായ ശൈലിയില്‍ എല്‍ഡിഎഫിനേയും യുഡിഎഫിനേയും കടന്നാക്രമിച്ചായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. “അധികാരത്തിനായി മാത്രം പ്രവർത്തിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളാണ് ഇവിടെ ഉള്ളത്. ഇവർ ജനങ്ങൾക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല. ഭരിച്ച സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് കോൺ​ഗ്രസും കമ്മ്യൂണിസ്റ്റു പാർട്ടിയും നഷ്ടം മാത്രമാണ് ഉണ്ടാക്കിയത്. അധികാരത്തില്‍ നിന്നും പുറത്തായ സംസ്ഥാനങ്ങളില്‍ ഭരണത്തില്‍ വരാന്‍ ഈ പാര്‍ട്ടികള്‍ക്ക് കഴിയുന്നില്ല. എൽഡിഎഫ് സ്വർണത്തിന്റെ രൂപത്തിൽ കൊള്ള നടത്തുന്നു. സോളാർ പവറിന്റെ രൂപത്തിലാണ് കോൺ​ഗ്രസിന്റെ കൊള്ള.” മോദി പരിഹസിച്ചു.

“കേരളത്തിൽനിന്ന് എംപിമാർ തിരഞ്ഞെടുക്കപ്പെട്ടാൽ വികസനം ദ്രുതഗതിയിലാകും. ഇതു മോദിയുടെ ഗ്യാരണ്ടിയാണ്”. മലയാളത്തില്‍ അദ്ദേഹം പറഞ്ഞു. സദസിനെ ആവേശഭരിതമാക്കാന്‍ പലപ്പോഴും മലയാളം വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തു. ‘സ്വാമിയേ ശരണമയ്യപ്പാ’ എന്നു വിളിച്ചാണ് പ്രധാനമന്ത്രി പൊതുയോഗത്തിൽ സംസാരം ആരംഭിച്ചത്. പത്തനംതിട്ടയിലെ എന്റെ സഹോദരീ സഹോദരന്മാരെ എല്ലാവർക്കും എന്റെ നമസ്കാരം’ എന്ന് മലയാളത്തിലുള്ള അഭിസംബോധനയോടെയായിരുന്നു തുടക്കം. ഇത്തവണ നാനൂറിൽ അധികം സീറ്റുകൾ വേണമെന്ന് പറഞ്ഞതും മലയാളത്തിലായിരുന്നു.

“കേരളത്തിൽ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും പേരുകേട്ട സർക്കാരുകളാണു മാറിമാറി വരുന്നത്. അതു കേരളത്തിന് എന്തുമാത്രം നഷ്ടമാണു വരുത്തിവയ്ക്കുന്നതെന്നു ജനങ്ങൾക്കറിയാം. കേരളത്തിന് ദുരവസ്ഥയിൽ‌നിന്നു മോചനം വേണമെങ്കിൽ ഒരുവട്ടം എൽഡിഎഫ്, അടുത്തവട്ടം യുഡിഎഫ് എന്ന രീതി മാറണം.”- മോദി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top