റീ കൗണ്ടിങ്ങിലും എല്‍ഡിഎഫിന് പരാജയം; ആറ്റിങ്ങലിലെ വിജയി അടൂര്‍ പ്രകാശ് തന്നെ; യുഡിഎഫ് മണ്ഡലം പിടിച്ചത് 684 വോട്ടിന്റെ ഭൂരിപക്ഷത്തിന്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ എല്‍ഡിഎഫ് റീ കൗണ്ടിംഗ് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. റീ കൗണ്ടിങ്ങില്‍ ഒരൊറ്റ വോട്ട് മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ വി.ജോയിക്ക് അധികം ലഭിച്ചത്. യുഡിഎഫിന്‍റെ അടൂര്‍ പ്രകാശ് 684 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്.

വിജയം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങിയതോടെയാണ് എല്‍ഡിഎഫ് റീകൗണ്ടിംഗ് ആവശ്യപ്പെട്ടത്. വിജയം ഉറപ്പാക്കി രാത്രി ഒരു മണിയോടെ കാൻഡിഡേറ്റ് സർട്ടിഫിക്കറ്റ് വാങ്ങിയാണ് അടൂര്‍ പ്രകാശ് മടങ്ങിയത്. അടൂര്‍ പ്രകാശിന് 328051 വോട്ടും വി.ജോയിക്ക് 327367 വോട്ടും ലഭിച്ചു. മൂന്നു ലക്ഷത്തിലധികം വോട്ടുകള്‍ നേടി കേന്ദ്രമന്ത്രിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ വി. മുരളീധരന്‍ മൂന്നാമതെത്തി.

അത്യന്തം ഉദ്വേഗം നിലനിര്‍ത്തിയാണ് ആറ്റിങ്ങലില്‍ വോട്ടെണ്ണല്‍ സമാപിച്ചത്. പലപ്പോഴും നേരിയ വോട്ടുകള്‍ക്ക് അടൂര്‍ പ്രകാശും വി.ജോയിയും മുന്നിലെത്തി. സിപിഎം ജയം ഉറപ്പിച്ച മണ്ഡലത്തിലാണ് നിസാര വോട്ടുകള്‍ക്ക് വിജയം അന്യമായത്. ഇതോടെയാണ് റീ കൗണ്ടിംഗ് ഇടതുമുന്നണി ആവശ്യപ്പെട്ടത്. 2019ൽ സിപിഎമ്മിന്റെ എ.സമ്പത്തിനെ പരാജയപ്പെടുത്തിയാണ് അടൂർ പ്രകാശ് മണ്ഡലം പിടിച്ചെടുത്തത്. ആറ്റിങ്ങൽ പിടിച്ചെടുക്കാമെന്ന സിപിഎമ്മിന്റെ വിശ്വാസം ഇത്തവണയും തകരുകയാണ് ഉണ്ടായത്. വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം. എല്ലായിടത്തും എല്‍ഡിഎഫാണ് ഭരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top