ഒരുക്കങ്ങൾ പൂർത്തിയായി: വോട്ടെണ്ണൽ 8 മണിക്ക്; ആദ്യമെണ്ണുക പോസ്റ്റല്‍ ബാലറ്റുകള്‍; കമ്മിഷന്റെ വെബ്‌സൈറ്റിലും വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പിലും തത്സമയം ഫലം; 11 മണിയോടെ വിജയികളെ അറിയാം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ എട്ട് മണിക്ക് ആരംഭിക്കും. ഒരുക്കങ്ങള്‍ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിലും വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പിലും തത്സമയം ഫലം അറിയാനാവും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍കോര്‍ സോഫ്റ്റ് വെയറില്‍നിന്നു തിരഞ്ഞെടുപ്പ് ഫലം https://results.eci.gov.in എന്ന വെബ്‌സൈറ്റ് വഴി തത്സമയം ലഭിക്കും. സംസ്ഥാനത്തെ എല്ലാ കൗണ്ടിങ് സെന്ററുകളിലും മീഡിയ സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. അവിടെ ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡിലും ലോക്‌സഭാ മണ്ഡലം തിരിച്ചുള്ള തിരഞ്ഞെടുപ്പ് ഫലം ലഭ്യമാകും. 11 മണിയോടെ വിജയികളെ അറിയാം.

ആദ്യമെണ്ണുക പോസ്റ്റല്‍ ബാലറ്റുകളാണ്. അരമണിക്കൂറിന് ശേഷം വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടുകള്‍ എണ്ണാന്‍ ഓരോ ഹാള്‍ ഉണ്ടായിരിക്കും. ഓരോ ഹാളിലും പരമാവധി 14 മേശകളാണ് ഉണ്ടാവുക. ഓരോ മേശയ്ക്കും ഒരു കൗണ്ടിങ് സൂപ്പര്‍വൈസര്‍ ഉണ്ടാവും. ഇത് ഗസറ്റഡ് റാങ്കുള്ള ഓഫിസറായിരിക്കും. ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരും വോട്ടെണ്ണല്‍ മേശയ്ക്കു ചുറ്റുമുണ്ടാവും. വോട്ടെണ്ണലിന്റെ സുതാര്യത ഉറപ്പുവരുത്തുകയാണ് മൈക്രോ ഒബ്‌സര്‍വറുടെ ഡ്യൂട്ടി.
ആദ്യമെണ്ണുക ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളും പോസ്റ്റല്‍ ബാലറ്റുകളുമായിരിക്കും. അത് റിട്ടേണിങ് ഓഫിസറുടെ മേശപ്പുറത്താവും എണ്ണുക. അടുത്ത അരമണിക്കൂറിനുള്ളില്‍ വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും.

ഓരോ റൗണ്ടിലും എല്ലാ വോട്ടിങ് മെഷീനുകളും എണ്ണിത്തീര്‍ന്ന ശേഷം തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ അതില്‍നിന്നും ഏതെങ്കിലും 2 മെഷീന്‍ എടുത്ത് അതിലെ കൗണ്ട് രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പു വരുത്തും. അത് കഴിഞ്ഞാല്‍ ആ റൗണ്ടിന്റെ ടാബുലേഷന്‍ നടത്തി ആ റൗണ്ടിന്റെ റിസള്‍ട്ട് റിട്ടേണിങ് ഓഫിസര്‍ പ്രഖ്യാപിച്ച് രേഖപ്പെടുത്തും. ഓരോ ഘട്ടം കഴിയുമ്പോഴും റിട്ടേണിങ് ഓഫിസര്‍ എണ്ണിക്കഴിഞ്ഞ വോട്ടിങ് മെഷീനുകള്‍ എടുത്തുമാറ്റി അടുത്ത ഘട്ടം തുടങ്ങാനുള്ള വോട്ടിങ് മെഷീനുകള്‍ കൊണ്ടുവരാന്‍ നിര്‍ദേശം നല്‍കും. എല്ലാ റൗണ്ടിലെയും വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വിവിപാറ്റ് സ്ലിപ്പുകളുടെ വെരിഫിക്കേഷന്‍ നടത്തുകയുള്ളൂ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top