തൃശൂരില്‍ വിജയം ഉറപ്പിച്ചെന്ന് സുരേഷ് ഗോപി; ആരു വന്നാലും തന്നെ ബാധിക്കില്ല; ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാറെന്ന് മുരളീധരന്‍

തൃശൂര്‍: എതിര്‍ സ്ഥാനാര്‍ഥി ആരാണെങ്കിലും തനിക്കത് വിഷയമല്ലെന്ന് സുരേഷ് ഗോപി. സ്ഥാനാര്‍ഥിയെ മാറ്റി മത്സരിപ്പിച്ചാലും തീരുമാനമെടുക്കുന്നത് ജനങ്ങള്‍ ആണ്. തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാണെന്ന പരിപൂര്‍ണ്ണ ആത്മവിശ്വാസമുണ്ടെന്നും ബിജെപി സ്ഥാനാര്‍ത്ഥി പ്രതികരിച്ചു. തൃശൂരിലെ സിറ്റിംഗ് എംപി ടി.എന്‍.പ്രതാപനെ മാറ്റി കെ.മുരളീധരനെ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തെ സംബന്ധിച്ചായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
അതേസമയം ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാറെന്ന് കെ.മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് നിര്‍ണായക മാറ്റങ്ങള്‍ക്കുള്ള ചര്‍ച്ച നടക്കുന്നത്. പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയ സാഹചര്യത്തിലാണ് വടകരയില്‍ നിന്ന് കെ.മുരളീധരനെ തൃശ്ശൂരിലേക്ക് മാറ്റുന്നത്. കെ.കരുണാകരൻ്റെയും കുടുംബത്തിൻ്റെയും തട്ടകമെന്ന നിലയിൽ പത്മജയുടെ കൂറുമാറ്റം ഇടതുപക്ഷം ഇവിടെ ചർച്ചയാക്കുമെന്ന് ഉറപ്പാണ്. അതിനെ നേരിടാൻ അതേ കുടുംബത്തിൽ നിന്ന് തന്നെ ഒരാളുണ്ടാകുക നിർണായകമാണെന്ന് കണക്കാക്കിയാണ് അവസാനനിമിഷ മാറ്റം.
മുരളി മാറുമ്പോൾ പകരം വടകരയിലേക്ക് ഷാഫി പറമ്പിലിനെ നിയോഗിക്കാനാണ് ചർച്ചകൾ പുരോഗമിക്കുന്നത്. കണ്ണൂരില്‍ കെ.സുധാകരന്‍ മത്സരരംഗത്തുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. വയനാട്ടില്‍ രാഹുല്‍ഗാന്ധി തന്നെ മത്സരിച്ചേക്കും.
പത്മജ ചാലക്കുടിയില്‍ ബിജെപി സ്ഥാനാര്‍ഥി ആകുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ചോദിച്ചപ്പോള്‍ പ്രതികരിക്കാനില്ല എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here