കൊട്ടിക്കലാശം ആവേശക്കടലായി; വോട്ടുറപ്പിച്ച് മുന്നണികള്‍; ഇനി നിശബ്ദ പ്രചാരണം; കേരളം മറ്റന്നാള്‍ ബൂത്തിലേക്ക്
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണങ്ങള്‍ക്ക് കൊടിയിറങ്ങി. 20 മണ്ഡലങ്ങളിലും വര്‍ണ്ണശബളമായ പ്രചാരണ റാലിയിലൂടെ മുന്നണികള്‍ കലാശക്കൊട്ട് നടത്തി. ക്രെയിനുകളിലും ജെസിബികളിലും കയറിനിന്ന് ആകാശം മുട്ടെ കൊടി പറത്തി സ്ഥാനാര്‍ത്ഥികള്‍ അണികളെ അഭിവാദ്യം ചെയ്തു. മൂന്ന് മണിക്ക് തുടങ്ങിയ പരസ്യ പ്രചാരണ റാലി കൃത്യം ആറുമണിക്ക് സമാപിച്ചു.
കലാശക്കൊട്ടിന് ആവേശം പകരാന്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വയനാട്ടില്‍ എത്തി. എന്‍ഡിഎ പ്രചാരണം കൊഴുപ്പിക്കാന്‍ വയനാട്ടില്‍ അണ്ണാമലൈയും ആലപ്പുഴയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എത്തിയിരുന്നു. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്‍റെ റാലിയില്‍ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ നിറ സാന്നിധ്യമായി. വടകരയില്‍ മൂന്ന് കേന്ദ്രങ്ങളിലായാണ് മൂന്ന് മുന്നണികളും കൊട്ടിക്കലാശം നടത്തിയത്.
അതേസമയം കൊട്ടിക്കലാശത്തിനിടെ പല ഇടങ്ങളില്‍ സംഘര്‍ഷമുണ്ടായി. ചെങ്ങന്നൂരില്‍ പ്രചാരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നാളെ മുതല്‍ നടക്കാന്‍ പോകുന്ന നിശബ്ദ പ്രചാരണത്തിന് പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം.
കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളിലും ജമ്മുവിലുമടക്കം രാജ്യത്തെ 88 മണ്ഡലങ്ങളിലാണ് ഏപ്രില്‍ 26ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here