തിരുവനന്തപുരം ജില്ലയിൽ വോട്ട് ഫ്രം ഹോം പ്രയോജനപ്പെടുത്തിയത് 4476 പേര്‍; വോട്ട് ചെയ്യാൻ ഏപ്രിൽ 22 വരെ അവസരം
തിരുവനന്തപുരം: 85 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ ഇരുന്ന് വോട്ട് ചെയ്യാനുള്ള വോട്ട് ഫ്രം ഹോം ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിൽ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലായി ഇതുവരെ 4,476 പേര്‍ വോട്ട് രേഖപ്പെടുത്തി. അപേക്ഷ നൽകിയ അർഹരായ വോട്ടർമാരുടെ വീടുകളിൽ സ്‌പെഷ്യല്‍ പോളിങ് ടീമുകൾ എത്തിയാണ് വോട്ട് ചെയ്യിപ്പിക്കുന്നത്. ഒരു പോളിങ് ഓഫീസർ, ഒരു മൈക്രോ ഓബ്‌സർവർ, പോളിങ് അസിസ്റ്റന്റ്, പോലീസ് ഉദ്യോഗസ്ഥൻ, വീഡിയോഗ്രാഫർ എന്നിവരാണ് സംഘത്തിലുള്ളത്. വോട്ട് പ്രക്രിയ പൂർണമായും വീഡിയോയിൽ ചിത്രീകരിക്കും. വിവിധ രാഷ്ട്രീയപാർട്ടികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് വോട്ട് ചെയ്യുന്നത്.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ 1,748 പേരും ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ 2,728 പേരുമാണ് ഇതിനോടകം വോട്ട് ചെയ്തത്. 85 വയസ് പിന്നിട്ട മുതിർന്ന വോട്ടർമാരുടെ വിഭാഗത്തിൽ തിരുവനന്തപുരത്ത് 1,406 പേരും ആറ്റിങ്ങലിൽ 1,868 പേരുമാണ് വീട്ടിൽവച്ച് വോട്ട് രേഖപ്പെടുത്തിയത്. ഭിന്നശേഷി വിഭാഗത്തിൽ തിരുവനന്തപുരം മണ്ഡലത്തിൽ 342 പേരും ആറ്റിങ്ങൽ മണ്ഡലത്തിൽ 860 പേരും വോട്ട് ചെയ്തു. സീൽ ചെയ്ത പെട്ടിയിലാണ് വോട്ട് ചെയ്ത ബാലറ്റ് പേപ്പർ സൂക്ഷിക്കുന്നത്. വോട്ടിങ്ങിന്റെ രഹസ്യ സ്വഭാവം നിലനിർത്തി വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം പോളിങ് സംഘം ഒരുക്കുന്നുണ്ട്.
രാവിലെ 9 മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടിങ് സമയം. ബാലറ്റ് പേപ്പറടങ്ങിയ സീൽ ചെയ്ത പെട്ടികൾ അതത് ദിവസം തന്നെ പോലീസ് സുരക്ഷയിൽ വരണാധികാരിക്ക് കൈമാറും. കളക്ടറേറ്റിലെ സ്‌ട്രോങ് റൂമിലാണ് ഇവ സൂക്ഷിക്കുന്നത്. വോട്ടിങിന്റെ സുരക്ഷയും രഹസ്യസ്വഭാവവും സൂക്ഷിക്കുന്നതിന്, വീട്ടിൽ വോട്ട് പ്രക്രിയയുടെ ആദ്യാവസാനം വരെ ക്യാമറയിൽ പകർത്തുന്നുമുണ്ട്. ഏപ്രിൽ 22 വരെയാണ് ഇപ്രകാരം വോട്ടു ചെയ്യാൻ അവസരമുള്ളത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here