നിങ്ങള്‍ കടുത്ത ഏകാന്തതയിലാണോ..? സ്‌ട്രോക്കിന് സാധ്യത കൂടുതല്‍

ഏകാന്തത (Loneliness) ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മാറാവ്യാധിയായി ലോകാരോഗ്യ സംഘടന (WHO) വിശേഷിപ്പിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് കടുത്ത ഏകാന്തത അനുഭവപ്പെടുന്നവരില്‍ മസ്തിഷ്‌കാഘാതം (സ്‌ട്രോക്ക് – stroke) വരാനുള്ള സാധ്യതകള്‍ 56 ശതമാനത്തിലധികമാണെന്ന് ഹാവാര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ പഠനവും പുറത്തുവരുന്നത്. 15 സിഗരറ്റുകള്‍ ഒരു ദിവസം വലിക്കുന്ന അതേ ആഘാതമാണ് ഏകാന്തതയും സൃഷ്ടിക്കുന്നതെന്ന് യുഎസ് സര്‍ജന്‍ ജനറല്‍ മുന്നറിയിപ്പ് നല്‍കുന്നു. ( അമേരിക്കയിലെ പൊതുജനാരോഗ്യ വകുപ്പിന്റെ തലവനാണ് സര്‍ജന്‍ ജനറല്‍ എന്നറിയപ്പെടുന്നത്.)
50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് കടുത്ത ഏകാന്തത മൂലം സ്‌ട്രോക്ക് വരാനുള്ള സാധ്യത കൂടുതലെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ലോക വ്യാപകമായി മനുഷ്യരിന്ന് ഏകാന്തത മൂലമുള്ള പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട രോഗാവസ്ഥയാണ് സ്‌ട്രോക്ക്. 2006 മുതല്‍ 2018 വരെ നടത്തിയ പഠനങ്ങളില്‍ നിന്നാണ് ഗവേഷകര്‍ ഈ വിവരങ്ങള്‍ കണ്ടെത്തിയത്.
മനുഷ്യരുടെ സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും ലോകവ്യാപകമായി വര്‍ദ്ധിച്ചുവരികയാണ്. പ്രായമായവരില്‍ നാലില്‍ ഒരാള്‍ ഒറ്റപ്പെടലിലാണ്. അഞ്ച് മുതല്‍ പതിനഞ്ച് ശതമാനം വരെ കൗമാരക്കാരും ഏകാന്തത അനുഭവിക്കുന്നതായും ലോകാരോഗ്യ സംഘടന നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും ശാരീരികവും മാനസികവുമായ ആരോഗ്യം, ജീവിത നിലവാരം, ദീര്‍ഘായുസ്സ് എന്നിവയില്‍ ഗുരുതരമായ സ്വാധീനം ചെലുത്തുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here