ഭർത്താവ് മരിക്കും മുമ്പേ ജോലിക്കാരനുമായി ശാരീരിക ബന്ധം; വിവാഹ വാഗ്ദാനത്തിൻ്റെ പേരില്‍ അത് ബലാത്സംഗമാവില്ലെന്ന് കോടതി

ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗത്തിന് തുല്യമല്ലെന്ന് അലഹബാദ് ഹൈക്കോടതി. പ്രതിയുടെ ഭാഗത്ത് നിന്നും വിവാഹ വാഗ്ദാനം ലഭിച്ചുവെന്ന് തെളിയിക്കാനാവാത്ത പക്ഷം പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമെന്ന് പറയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ദീർകാലമായി തുടരുന്ന ബന്ധത്തിൽ മുമ്പെങ്ങും പ്രതിയുടെ ഭാഗത്തുനിന്ന് വഞ്ചന നടന്നതായി ആരോപിക്കപ്പെടുന്നില്ലെങ്കിൽ അത് വിവാഹ വാഗ്ദാനമായി കണക്കാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
ഐപിസി സെക്ഷൻ 375 പ്രകാരം സ്ത്രീയുടെ സമ്മതത്തോടെ അല്ലാതെയുള്ള ലൈംഗിക ബന്ധത്തെയാണ് ബലാത്സംഗമായി നിർവചിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്തെന്നാരോപിച്ച് മൊറാദാബാദ് സ്വദേശിയായ യുവാവിനെതിരെ സ്വീകരിച്ച ക്രിമിനൽ നടപടികൾ കോടതി റദ്ദാക്കി. ശ്രേയ് ഗുപ്ത എന്നയാൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് അനീഷ് കുമാർ ഗുപ്തയുടെ ഉത്തരവ്. ഭർത്താവിൻ്റെ മരണശേഷം വിവാഹം കഴിക്കാമെന്ന ഉറപ്പിൽ ഹർജിക്കാരനുമായി ശാരീക ബന്ധത്തിൽ ഏർപ്പെട്ടു. തന്നെ വിവാഹം കഴിക്കാമെന്ന് ഗുപ്ത പലതവണ വാക്ക് നൽകിയിരുന്നെങ്കിലും പിന്നീട് വാഗ്ദാനം ലംഘിച്ച് മറ്റൊരു സ്ത്രീയുമായി വിവാഹനിശ്ചയം നടത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി.
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ കാട്ടി 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി എന്നുമായിരുന്നു ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 376 (ബലാത്സംഗം), സെക്ഷൻ 386 (കൊള്ള) എന്നിവ പ്രകാരം ഹർജിക്കാരനെതിരേ പോലീസ് കേസെടുത്ത് 2018 ഓഗസ്റ്റ് ഒമ്പതിന് കുറ്റപത്രം സമർപ്പിച്ചിരുന്നു. കുറ്റപത്രവും തനിക്കെതിരെയുള്ള മുഴുവൻ ക്രിമിനൽ നടപടികളും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ശ്രേയ് ഗുപ്ത ഹൈക്കോടതിയെ സമീപിച്ചത്.
പ്രതിയും വിധവയായ പരാതിക്കാരിയും ഭർത്താവ് ജീവിച്ചിരിക്കുമ്പോഴും പതിമൂന്ന് വർഷത്തോളം തുടർച്ചയായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് വസ്തുതകൾ പരിശോധിച്ച കോടതിക്ക് ബോധ്യപ്പെട്ടു. പരാതിക്കാരിയായ സ്ത്രീ തന്നേക്കാൾ വളരെ പ്രായം കുറഞ്ഞതും പരേതനായ ഭർത്താവിൻ്റെ ജീവനക്കാരനുമായ ഹർജിക്കാരൻ്റെ മേൽ ശാരീരിക ബന്ധത്താനായി അനാവശ്യ സ്വാധീനം ചെലുത്തിയതായും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് കേസ് റദ്ദാക്കിക്കൊണ്ട് കോടതി ഉത്തരവിട്ടത്. ഹർജിക്കാരനെതിരായ ആരോപണങ്ങൾ ബലാത്സംഗം, കൊള്ള എന്നീ കുറ്റകൃത്യങ്ങൾ ചുമത്താൻ ആവശ്യമായ നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും കോടതി കണ്ടെത്തി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here