പ്രജ്വല്‍ രേവണ്ണക്കെതിരെ ലുക്ക് ഔട്ട്‌ നോട്ടീസ്; നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കര്‍ണാടക മുഖ്യമന്ത്രിയുടെ കത്ത്

ബെംഗളൂരു: ലൈംഗീക പീഡനക്കേസില്‍ പ്രതിയായ ഹാസന്‍ എംപി പ്രജ്വല്‍ രേവണ്ണയ്ക്കായി ലുക്ക് ഔട്ട്‌ നോട്ടീസ് പുറത്തിറക്കി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെതാണ് നടപടി. രാജ്യത്തിന്‌ പുറത്തായതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് പ്രജ്വല്‍ ഇന്നലെ എക്സിലൂടെ അറിയിച്ചിരുന്നു. അന്വേഷണസംഘം അയച്ച സമന്‍സിന് അഭിഭാഷകന്‍ വഴി മറുപടി നല്‍കുമെന്ന് അറിയിച്ചതോടെയാണ് നടപടി. രാജ്യത്തെ വിമാനത്താവളങ്ങള്‍, തുറമുഖങ്ങൾ, ഇമിഗ്രേഷൻ പോയന്റുകൾ എന്നിവിടങ്ങളിലാണ് നോട്ടീസ് ഇറക്കിയത്. അതേസമയം പ്രജ്വലിനെ നാട്ടിലെത്തിക്കാന്‍ നയതന്ത്ര ഇടപെടല്‍ തേടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രിക്ക് കത്ത് നല്‍കി.

ലൈംഗിക പീഡന പരാതിയില്‍ പ്രജ്വലും അച്ഛന്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ എച്ച്ഡി രേവണ്ണയും 24മണിക്കൂറിനുള്ളില്‍ ഹാജരാകണമെന്നായിരുന്നു പ്രത്യേകാന്വേഷണസംഘം അറിയിച്ചത്. ഹാസനിലെ ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രജ്വല്‍ ജര്‍മനിയിലേക്ക് കടന്നിരുന്നു. പ്രജ്വലിനെ തിരികെ നാട്ടിലെത്തിക്കാന്‍ കര്‍ണാടക പോലീസ് വിദേശകാര്യമന്ത്രാലയത്തെ ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പ്രജ്വല്‍ ആരോപണങ്ങള്‍ക്ക് ആദ്യമായി എക്സിലൂടെ പ്രതികരിച്ചത്. താന്‍ ബെംഗളൂരുവില്‍ ഇല്ലാത്തതിനാല്‍ അന്വേഷണത്തില്‍ സഹകരിക്കാന്‍ കഴിഞ്ഞില്ല. അഭിഭാക്ഷകന്‍ വഴി അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. സത്യം ഉടന്‍ തന്നെ ജയിക്കുമെന്നായിരുന്നു പ്രജ്വലിന്റെ വാക്കുകള്‍.

പ്രജ്വല്‍ ഉള്‍പ്പെട്ട ആയിരത്തിലധികം അശ്ലീല വീഡിയോകള്‍ പുറത്തുവന്നതിന് പിന്നാലെ, ഇവരുടെ വീട്ടുജോലിക്കാരിയായിരുന്ന സ്ത്രീ നല്‍കിയ പീഡനപരാതിയിലാണ് കേസ്. രേവണ്ണയും പ്രജ്വലും തന്നെ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രജ്വല്‍ തന്നെ ചിത്രീകരിച്ച, നിരവധി സ്ത്രീകള്‍ ഉള്‍പ്പെടുന്ന ആയിരക്കണക്കിന് അശ്ലീല ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെ ജെഡിഎസ് പാര്‍ട്ടി ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top