‘കേരള സ്റ്റോറി ദൂരദർശനിൽ പ്രദർശിപ്പിക്കരുത്’; തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
തിരുവനന്തപുരം: ‘കേരള സ്റ്റോറി’ സിനിമ ദൂരദർശനിൽ സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കത്ത് നൽകി. രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് സിനിമ പ്രദർശിപ്പിക്കുന്നതെന്നും ഇത് പെരുമാറ്റചട്ട ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി. സിനിമ പ്രദര്‍ശിപ്പിക്കുന്നതിലൂടെ മതേതര സമൂഹത്തിനുള്ളില്‍ ഭിന്നിപ്പുണ്ടാക്കുകയെന്ന തന്ത്രമാണ് മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ ഭരണകൂടം നടപ്പാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
‘കേരള സ്റ്റോറി’പ്രദർശിപ്പിക്കാനുള്ള തീരുമാനം ദൂരദർശൻ അടിയന്തരമായി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് വേളയിൽ രാജ്യത്തിന്റെ ഔദ്യോഗിക വാർത്താ സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്ത്താനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ബിജെപിക്കായി വർഗീയ പ്രചാരണം നടത്താനുള്ള ഏജൻസി അല്ല ദൂരദർശനെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here