സതീശന് ധാര്‍ഷ്ഠ്യവും പുച്ഛവുമെന്ന് മന്ത്രി രാജേഷ്; ആര്‍ക്കെന്ന് നിങ്ങള്‍ ചര്‍ച്ച ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവിന്റെ മറുപടി

നിയമസഭയില്‍ ഏറ്റുമുട്ടി പ്രതിപക്ഷ നേതാവ് വിഡി സതീശനും മന്ത്രി എംബി രാജേഷും. കേരളത്തില്‍ നിന്നും വിദ്യാര്‍ഥികള്‍ വിദേശത്തേക്ക് കുടിയേറുന്ന വിഷയം സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാരിനെ രൂക്ഷമായാണ് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രി എല്ലാത്തിനേയും ലാഘവത്തോടെ കാണുകയാണെന്നും സതീശന്‍ വിമര്‍ശിച്ചു. ഇതാണ് എംബി രാജേഷിനെ പ്രകോപിപ്പിച്ചത്. പ്രതിപക്ഷ നേതാവ് വാക്കൗട്ട് നടത്തിയതിന് പിന്നാലെ സംസാരിച്ച മന്ത്രി സതീശന് ധാര്‍ഷ്ഠ്യവും പുച്ഛവും പരിഹാസവുമാണെന്ന് വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവ് വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പതിവാണ്. അത് തിരുത്താന്‍ മന്ത്രിമാര്‍ എഴുന്നേക്കുമ്പോള്‍ വഴങ്ങാറില്ല. സ്പീക്കറെ പോലും സമ്മര്‍ദ്ദത്തിലാക്കുകയാണ്. അത് സ്വയം തിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തനിക്ക് നേരെ വിരല്‍ചൂണ്ടി ധിക്കാരിയാണ് എന്ന് സതീശന്‍ അധിക്ഷേപിച്ചതായി മന്ത്രി ആര്‍ ബിന്ദുവും ആരോപിച്ചു.

വാക്കൗട്ടിന് ശേഷം തിരികെയെത്തിയപ്പോഴാണ് സതീശന്‍ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്. മന്ത്രി മോശമായ പരാമര്‍ശമാണ് സഭയില്‍ ഇല്ലാത്ത സമയത്ത് തനിക്കെതിരെ നടത്തിയത്. മന്ത്രിമാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയിട്ടുണ്ടോായെന്ന് സ്പീക്കര്‍ പരിശോധിക്കണം. ധാര്‍ഷ്ഠ്യവും പുച്ഛവും പരിഹാസവും ആര്‍ക്കാണ് ചേരുന്നതെന്ന് ഭരണപക്ഷമാണ് ചര്‍ച്ച ചെയ്യുന്നത്. ആ ചാപ്പ പ്രതിപക്ഷ നേതാവിന്റെ പുറത്ത് കുത്തേണ്ട. അതിന്റെ രക്ഷാപ്രവര്‍ത്തനം ഇവിടെ നടത്തേണ്ട. മന്ത്രി രാജേഷ് മുന്‍സ്പീക്കറാണ്. എന്നാല്‍ മന്ത്രി ഇപ്പോള്‍ സ്്പീക്കറാകാന്‍ നോക്കുകയാണ്. അങ്ങനെ പ്രതിപക്ഷ നേതാവിനെ നിയന്ത്രിക്കാന്‍ വരേണ്ടെന്നും സതീശന്‍ പറഞ്ഞു. എക്‌സൈസ് വകുപ്പിനെതിരെ അഴിമതി ആരോപണം കൊണ്ടുവന്ന ശേഷമാണ് മന്ത്രി വ്യക്തിപരമായി അക്രമിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top