എപിപിയുടെ ആത്മഹത്യ പ്രത്യേക സംഘം അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് സതീശന്റെ കത്ത്

തിരുവനന്തപുരം: കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ (എപിപി) അനീഷ്യയുടെ ആത്മഹത്യ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെങ്കിലും പഴുതടച്ചുള്ള അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാണ് സതീശൻ ആവശ്യപ്പെട്ടിരിക്കുന്നത്.
‘ആത്മഹത്യയ്ക്ക് മുന്‍പ് അനീഷ്യ സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദസന്ദേശങ്ങളില്‍ ജോലിയില്‍ നേരിട്ടിരുന്ന സമ്മര്‍ദങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. നിയമവിരുദ്ധമായി എന്തും ചെയ്യാന്‍ തയ്യാറുള്ള ഒരു സംഘം പ്രോസിക്യൂഷന്‍ രംഗത്ത് ഉണ്ടെന്ന് അടിവരയിടുന്നതാണ് അനീഷ്യയുടെ വെളിപ്പെടുത്തലുകളില്‍ പലതും. അനീഷ്യയോട് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചതും കേസുകള്‍ അട്ടിമറിക്കുന്നതിന്റെ ഭാഗമായാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതും പരിശോധിക്കപ്പെടേണ്ടതുണ്ട്’ എന്നാണ് കത്തില്‍ പറയുന്നത്.
‘ഞങ്ങളുടെ പാര്‍ട്ടിയാണ് ഭരിക്കുന്നതെന്നും സ്ഥലം മാറ്റുമെന്നുമാണ് അനീഷ്യ ഡയറിയില്‍ എഴുതിയിരിക്കുന്നത്. ജുഡീഷ്യറിയെ അട്ടിമറിക്കുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇതിലൂടെ മനസിലാക്കേണ്ടതെന്നും’ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. അനീഷ്യയുടെ സുഹൃത്തുക്കള്‍ പോലീസിന് രഹസ്യമായി കൈമാറിയ തെളിവുകള്‍ നശിപ്പിക്കപ്പെടാതിരിക്കാന്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നവരെ അടിയന്തിരമായി ചുമതലകളില്‍ നിന്നും ഒഴിവാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here