”ഒരുപാട് പറയാനുണ്ട്, പക്ഷേ.. ” കേന്ദ്രത്തിന് സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം
ന്യൂഡൽഹി: ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ അതൃപ്തിയറിയിച്ച് സുപ്രീംകോടതി. ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നതിന് വേണ്ടിയുള്ള ശുപാര്‍ശകള്‍ കേന്ദ്രം കൊളീജിയത്തിന് കൈമാറാത്തതിലാണ് കോടതി അതൃപ്തി അറിയിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍ ,സുധാന്‍ഷു ദൂലിയ എന്നിവരുടെ ബെഞ്ചാണ് കേന്ദ്ര നടപടിയിലുള്ള തൃപ്തി രേഖപ്പെടുത്തിയത്.
എന്തുകൊണ്ട് കേന്ദ്രം ഹൈക്കോടതികളുടെ ശുപാർശകൾ ഇതുവരെ കൊളീജിയത്തിന് അയച്ചിട്ടില്ലെന്ന് സുപ്രീംകോടതി ഇന്ന് ചോദിച്ചു. ജഡ്ജിമാരുടെ നിയമനത്തിൽ കേന്ദ്രം കാലതാമസം വരുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരുവിലെ അഡ്വക്കേറ്റ്‌സ് അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ഒരുപാട് പറയാനുണ്ടെന്നും താല്‍ക്കാലം ഒന്നും പറയുന്നില്ലെന്നും ജസ്റ്റീസ് സഞ്ജയ് കൗള്‍ പറഞ്ഞു. കേന്ദ്രത്തിന്റെ മറുപടി സമര്‍പ്പിക്കാന്‍ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണി ഒരാഴ്ച സമയം ആവശ്യപ്പെട്ടു. എന്നാല്‍ തീരുമാനം അറിയിക്കാന്‍ രണ്ടാഴ്ച സമയം തരുന്നതായി സുപ്രീംകോടതി അറിയിച്ചു. ഹർജി ഒക്ടോബർ 9 ന് വീണ്ടും പരിഗണിക്കും.
കൊളീജിയം 2022 നവംബർ 11 ശുപാര്‍ശ ചെയ്ത 70 ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്രം തീരുമാനമെടുത്തിട്ടില്ല. ജഡ്ജിമാരുടെ പേരുകള്‍ പത്തുമാസമായി കേന്ദ്രസര്‍ക്കാര്‍ പരിഗണനയിലാണ്. ഒരു പ്രധാന ഹൈക്കോടതിയിലെ ചീഫ് ജസ്റ്റീസിന്റെയും 26 ഹൈക്കോടതി ജഡ്ജിമാരുടെയും സ്ഥലമാറ്റങ്ങളും തീരുമാനമാകാതെ കിടക്കുകയാണ് .
ജഡ്ജിമാരുടെ നിയമനം സംബന്ധിച്ചുള്ള തർക്കം സുപ്രീംകോടതിയും കേന്ദ്ര സർക്കാരും ഏറെ നാളായി നില നിൽക്കുന്ന ഒന്നാണ്. ജഡ്ജിമാരുടെ നിയമനങ്ങളിൽ എക്സിക്യൂട്ടീവിന് കൂടുതൽ അധികാരം നൽകുന്ന ദേശീയ ജുഡീഷ്യൽ നിയമന നിയമം 2015 ഒക്ടോബറിൽ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഈ നിയമം ഭരണഘടനാ വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി റദ്ദാക്കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here