സിആർപിഎഫ് സ്കൂളിന് സമീപം സ്ഫോടനം നടന്നതെങ്ങനെ? പോലീസ് ഇപ്പോഴും ഇരുട്ടിൽ

രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച് സ്കൂളിൽ വൻ സ്ഫോടനം. രോഹിണിയിലെ പ്രശാന്ത് വിഹാർ സിആർപിഎഫ് സ്കൂളിൽ ഇന്ന് പുലർച്ചെയാണ് വൻ സ്ഫോടനം നടന്നത്. സ്‌ഫോടനത്തിലേക്ക് നയിച്ചത് എന്താണെന്ന് അന്വേഷിക്കാൻ വിദഗ്ധര സംഘത്തിൻ്റെ സഹായം തേടിയതായി മുതിർന്ന പോലീസ് ഓഫീസർ അമിത് ഗോയൽ പറഞ്ഞു. സംശയാസ്പദമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണത്തിൻ്റെ ഭാഗമായി ഭൂഗർഭ മലിനജല ലൈൻ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

സ്‌കൂളിൻ്റെ മതിലിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫോറൻസിക് സംഘവും ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്‌ഫോടനത്തിൻ്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ്. രാവിലെ ഏഴേ മുക്കാലോടെയാണ് പൊട്ടിത്തെറിയുണ്ടായത്.
സ്‌ഫോടനത്തിൽ സ്‌കൂളിന് സമീപം പാർക്ക് ചെയ്‌തിരുന്ന കാറുകളുടെ ജനൽ ചില്ലുകൾ തകരുകയും പ്രദേശത്തെ കടകളുടെ സൈൻ ബോർഡുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. നാഷണൽ സെക്യൂരിറ്റി ഗാർഡിനെ വിവരം അറിയിച്ചിട്ടുണ്ട്. ക്രൂഡ് ബോംബാകാം സ്‌ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. ദേശീയ അന്വേഷണ ഏജൻസിയുടെ സംഘവും സ്ഥലത്തുണ്ട്.

ഒരു പ്രദേശവാസി റെക്കോർഡ് ചെയ്ത വീഡിയോയിൽ സ്ഫോടനം നടന്ന സ്ഥലത്തിന് സമീപം നിന്ന് പുക ഉയരുന്നത് കാണാം. “ഞാൻ വീട്ടിലുണ്ടായിരുന്നു, വലിയ ശബ്ദം കേട്ടു, പുക ഉയരുന്നത് കണ്ടു, വീഡിയോ റെക്കോർഡുചെയ്‌തു. കൂടുതലൊന്നും എനിക്കറിയില്ല. ഉടൻ തന്നെ ഒരു പോലീസ് സംഘവും ആംബുലൻസും സ്ഥലത്തെത്തി” – ദൃക്സാക്ഷി പറയുന്നു.
.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here