പ്രണയപ്പകയിൽ തുടരെ കൊലപാതകങ്ങൾ; ഐടി ഹബ്ബിലും ബിസിനസ് തലസ്ഥാനത്തുമൊന്നും പെൺകുട്ടികൾ സുരക്ഷിതരല്ലെന്നോ?

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2022ലെ കണക്കുപ്രകാരം രാജ്യത്തുണ്ടാകുന്ന കൊലപാതകങ്ങളുടെ കാരണങ്ങളിൽ മൂന്നാം സ്ഥാനത്ത് പ്രണയബന്ധങ്ങളായിരുന്നു. പ്രണയ പരാജയങ്ങളുടെയോ പ്രണയാഭ്യർത്ഥന നിരസിച്ചതിൻ്റെയോ പേരിലുണ്ടായ വൈരാഗ്യം സ്ത്രീകൾക്ക് മേലുള്ള അതിക്രമങ്ങളായി മാറുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും മെട്രോ നഗരങ്ങളിൽ പ്രണയപ്പക മൂലമുള്ള കൊലപാതകങ്ങൾ തുടർക്കഥയാകുന്നു. ജൂലൈയിൽ മാത്രം ബെംഗളൂരുവിലും മുംബൈയിലുമായി പ്രണയപ്പക മൂലം കൊല്ലപ്പെട്ടത് മൂന്നു പെൺകുട്ടികളാണ്. ജോലിക്കായി മെട്രോ നഗരങ്ങളെ ആശ്രയിക്കുന്ന പെൺകുട്ടികൾ അവിടെ സുരക്ഷിതരാണോയെന്ന ആശങ്കയാണ് ഈ കൊലപാതകങ്ങളെ തുടർന്ന് ഉടലെടുക്കുന്നത്.

പ്രണയം നിരസിച്ചതിന് 20കാരിയെ കൊലപ്പെടുത്തി

നവി മുംബൈയിൽ 20കാരി കൊല്ലപ്പെട്ടത് പ്രണയം നിരസിച്ചതിനെ തുടർന്നുണ്ടായ പക മൂലാണ്. കഴിഞ്ഞ വെള്ളിയാഴ്ച റെയിൽവേ സ്റ്റേഷനു സമീപത്തെ കുറ്റിക്കാട്ടിൽനിന്നാണ് മഹാരാഷ്ട്രയിലെ ഉറാൻ സ്വദേശിയായ യാഷ്ശ്രീ ഷിൻഡെയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ബേലാപൂരിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു യാഷ്ശ്രീ. വ്യാഴാഴ്ച ജോലിക്കായി വീട്ടിൽനിന്നും പോയതാണ്. എന്നാൽ തിരിച്ചെത്തിയില്ല. തുടർന്നാണ് കുടുംബം ഉറാൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ റെയിൽവേസ്റ്റേഷനു സമീപത്തെ കുറ്റിക്കാട്ടിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസിന് ഒരു ഫോൺ കോൾ ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം കാണാതായ യാഷ്ശ്രീയുടേതാണെന്ന് സ്ഥിരീകരിച്ചു.

ദാവൂദ് ഷെയ്ഖ് എന്നു പേരുള്ളയാളാണ് തന്റെ മകളെ കൊലപ്പെടുത്തിയതെന്ന് പിതാവ് സുരേന്ദ്ര കുമാർ ആരോപിച്ചു. പ്രണയം നിരസിച്ചതിനെ തുടർന്നുള്ള കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊല്ലപ്പെടുന്നതിന് മുൻപ് പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നും ശരീരത്തിൽ മുറിവുകളുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.

വിവാഹത്തിന് നിർബന്ധിച്ചതിൻ്റെ പേരിൽ കൊലപാതകം

ബെംഗളൂരുവിൽ ഈ മാസമാദ്യം 27കാരിയെ കൊലപ്പെടുത്തിയ കേസിലാണ് കാമുകൻ അറസ്റ്റിലായത്. ചിക്കമംഗളൂരു ജില്ലയിലെ കോപ്പ സ്വദേശിയായ ബിഎസ്‌സി വിദ്യാർത്ഥിനി സൗമ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 29കാരനായ കാമുകൻ ശ്രുജൻ അറസ്റ്റിലായിരുന്നു. ജൂലൈ രണ്ടു മുതൽ സൗമ്യയെ കാണാനില്ലായിരുന്നു. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കാമുകൻ പിടിയിലാകുന്നത്.

സൗമ്യയും ശ്രുജനും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവർക്കുമിടയിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായതിനെ തുടർന്ന് സൗമ്യയുമായി സൃജൻ അകലാൻ തുടങ്ങി. സൗമ്യ തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നിർബന്ധിക്കാൻ തുടങ്ങി. ഇതിനിടയിൽ ശ്രുജൻ മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായി. ജൂലൈ 2ന് ശ്രുജൻ്റെ ജോലിസ്ഥലത്ത് എത്തിയ സൗമ്യ തന്നെ വിവാഹം ചെയ്തില്ലെങ്കിൽ ഓഫിസിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് ശ്രുജൻ തന്റെ ബൈക്കിൽ സൗമ്യയെ ബസ് സ്റ്റാൻഡിൽ എത്തിച്ചു. എന്നാൽ, സൗമ്യ ബസിൽ കയറാൻ തയ്യാറായില്ല.

പിന്നീട് 40 കിലോമീറ്ററോളം ബൈക്കിൽ സഞ്ചരിച്ച് ഹെദ്ദാരിപുരയ്ക്ക് അടുത്ത് ചെന്നു. അവിടനിന്നും ബസിൽ പോകാൻ ആവശ്യപ്പെട്ടെങ്കിലും സൗമ്യ തയ്യാറായില്ല. പിന്നീട് സൗമ്യ തനിയെ നടക്കാൻ തുടങ്ങി. ശ്രുജൻ പിന്നാലെ ബൈക്കിലെത്തുകയും അവളെ തടയുകയും ചെയ്തു. ഇരുവരും തമ്മിൽ വീണ്ടും വഴക്കായി. ശ്രുജൻ്റെ അടിയേറ്റ് സൗമ്യ നിലത്തുവീണു. തുടർന്ന് ശ്രുജൻ തന്റെ കാൽ അവളുടെ കഴുത്തിൽ വച്ചു ഞെരിച്ച് കൊല്ലുകയായിരുന്നു. ഒറ്റപ്പെട്ട സ്ഥലമായതിനാൽ കൊലപാതകം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. അതിനുശേഷം മൃതദേഹം വാട്ടർ പൈപ്പുകൾ സ്ഥാപിക്കാൻ കുഴിച്ച കിടങ്ങിൽ ഉപേക്ഷിച്ചുവെന്ന് ശിവമോഹ എസ്‌പി മിഥുൻ കുമാർ പറയുന്നു.

കൂട്ടുകാരിയുടെ കാമുകൻ്റെ കത്തിക്കിരയായി 24കാരി

കൂട്ടുകാരിയെ പ്രണയത്തിൽനിന്നും പിന്മാറാൻ സഹായിച്ചതിനാണ് ബെംഗളൂരുവിലെ പിജി ഹോസ്റ്റലിൽ യുവതി അതിക്രൂരമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് 24കാരിയായ കൃതി കുമാരി കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട കൃതിയുടെ റൂംമേറ്റിന്റെ ബോയ്ഫ്രണ്ടാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ അഭിഷേകും പെൺകുട്ടിയും തമ്മിൽ വഴക്ക് പതിവായിരുന്നു. ഇടയ്ക്കൊക്കെ കൃതി പ്രശ്നങ്ങളിൽ ഇടപെട്ടിരുന്നു. റൂംമേറ്റിനോട് അഭിഷേകിൽനിന്ന് അകലാനും നിർദേശിച്ചു. പിന്നീട്, കൃതിയും റൂംമേറ്റും അഭിഷേകിനെ പതിയെ ഒഴിവാക്കാൻ തുടങ്ങി. കുറച്ച് ദിവസങ്ങൾക്കു മുൻപ് അഭിഷേക് ഹോസ്റ്റലിൽ എത്തി ബഹളം വച്ചു. ഇതിനുപിന്നാലെ കൃതി തന്റെ സുഹൃത്തായ റൂംമേറ്റിനെ മറ്റൊരു ഹോസ്റ്റലിലേക്ക് മാറാൻ സഹായിച്ചു. അഭിഷേകിന്റെ ഫോൺ കോൾ എടുക്കുന്നത് ഇരുവരും നിർത്തി. ഇതേത്തുടർന്നുണ്ടായ വൈരാഗ്യമാണ് കൃതിയെ കൊലപ്പെടുത്തുന്നതിലേക്ക് എത്തിച്ചതെന്ന് പൊലീസ് പറയുന്നു.

സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ അരുംകൊല എല്ലാവരിലും ഞെട്ടലുണ്ടാക്കി. ഹോസ്റ്റലിൻ്റെ ഇടനാഴിയിൽ പിടിച്ചുനിർത്തി പലവട്ടം കുത്തിയാണ് കൃതിയെ പ്രതി കൊലപ്പെടുത്തിയത്. തൊച്ചുപിന്നാലെ ഓടിയെത്തിയ മറ്റ് പെൺകുട്ടികളാകട്ടെ കൃതിയെ സഹായിക്കാൻ തയ്യാറാകാതെ മാറിനിന്ന രംഗങ്ങളും പലരെയും അമ്പരപ്പിച്ചതാണ്.

ഈ കേസുകളിലെല്ലാം പ്രതികളെ ഉടനടി തിരിച്ചറിയുകയും രണ്ടെണ്ണത്തിൽ അറസ്റ്റ് നടക്കുകയും ചെയ്തു. എന്നിട്ടും വീണ്ടും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നത് ഐടി ഹബ്ബായ ബെംഗളൂരുവിൽ ജോലിതേടിയെത്തുന്ന പെൺകുട്ടികളുടെ സുരക്ഷയെക്കുറിച്ച് ഗുരുതര ചോദ്യങ്ങളാണ് ഉയർത്തുന്നത്. പ്രണയിച്ചതിന്റെ പേരിൽ മാത്രമല്ല, പ്രണയം നിരസിച്ചതിന്റെ പേരിലും പെൺകുട്ടികൾ കൊല്ലപ്പെടുന്നു എന്ന അതീവ ഖേദകരമായ സ്ഥിതിവിശേഷമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top