ജോലി: പ്രേമലേഖനമെഴുത്ത്; പെരുമ്പാവൂരിലെ ‘പാവങ്ങളുടെ ജിബ്രാൻ’ വാലൻ്റൈൻസ് ദിന തിരക്കിലാണ്

കൊച്ചി: ബഷീറിന്റെ പ്രേമലേഖനം വായിച്ചിട്ടുണ്ടോ? ഖലീൽ ജിബ്രാന്റെ പ്രണയലേഖനങ്ങൾ കണ്ടിട്ടുണ്ടോ? ആരെയും പ്രണയിക്കാൻ പ്രേരിപ്പിക്കുന്ന അത്തരം പ്രേമലേഖനം നിങ്ങൾക്കും വേണോ. എഴുതാൻ അറിയില്ലെങ്കിൽ വിഷമിക്കണ്ട നിങ്ങളുടെ ഭാവനയെ മഷികൊണ്ട് അക്ഷരത്താളുകളിൽ പകർത്തി തരാൻ ഉമർ ഫറൂഖ് റെഡിയാണ്.

‘പ്രണയലേഖനം മുതൽ ആത്മഹത്യാ കുറിപ്പ് വരെ തയ്യാറാക്കി നൽകും’. ഇതാണ് നറേറ്റീവ് ജേർണലിസ്റ്റ് എന്ന ഇൻസ്റ്റാപേജിലെ പോസ്റ്റർ. ഒരു ഓളത്തിൽ പറഞ്ഞതാണ് ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും ഉമർ പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. “മൂന്ന് വർഷം മുൻപ് ഒരു സുഹൃത്തിനു വേണ്ടി പ്രണയലേഖനം എഴുതി കൊടുത്തു. എഴുത്ത് ഇഷ്ടപ്പെട്ടിട്ട് എല്ലാവരും പ്രോത്സാഹിപ്പിച്ചു. എഴുതാൻ പണ്ടേ ഇഷ്ടമായത് കൊണ്ട് ആവശ്യപ്പെട്ട അടുപ്പക്കാർക്ക് ഒന്ന് രണ്ട് കത്തുകൾ എഴുതി നൽകി. അങ്ങനെയാണ് പ്രണയലേഖനങ്ങള്‍ എഴുതി തുടങ്ങുന്നത്” ഉമർ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ഖലീൽ ജിബ്രാന്റെ പ്രണയലേഖനമാണ് ഉമറിന് പ്രചോദനമായത്. പ്രണയലേഖനങ്ങളെക്കാൾ അഗാധമായ സംഭാഷണങ്ങളായിരുന്നു അവയെന്ന് ഉമർ പറയുന്നു. മുപ്പതോളം ലവ് ലെറ്ററുകളാണ് വിവിധ കസ്റ്റമേഴ്സിനായി എഴുതി നൽകിയിട്ടുള്ളത്. ചെറിയ തുകയും ഇതിനായി ഈടാക്കുന്നുണ്ട്. കത്തുകൾ നൽകുന്ന നൊസ്റ്റാൾജിയ മറ്റൊന്നിനും തരാൻ കഴിയില്ലെന്ന അഭിപ്രായമാണ് ഉമറിനെ ഇങ്ങനൊരു ചിന്തയിലേക്ക് എത്തിച്ചത്.

കോർപ്പറേറ്റ് പബ്ലിക് റിലേഷൻസ് സ്പെഷ്യലിസ്റ്റായിരുന്ന ഈ പെരുമ്പാവൂരുകാരൻ ഇപ്പോൾ കണ്ടൻ്റ് റൈറ്റിംഗും ചെയ്യുന്നുണ്ട്. പൊളിറ്റിക്കൽ റൈറ്റിംഗ്, ക്രിയേറ്റീവ് റൈറ്റിംഗ് ഇവയെല്ലാം ഉമറിന്റെ ഇഷ്ട മേഖലയാണ്. വാലന്റൈന്‍സ്‌ ദിനത്തിൽ പ്രണയലേഖനം എഴുതി നൽകുന്നതിന് 30 ശതമാനം വിലക്കിഴിവും ഉമർ നൽകിയിരുന്നു. ഒരു സുഹൃത്തിന്റെ ആഗ്രഹപ്രകാരം അയാളുടെ പ്രണയിനിക്കായി ഇന്ത്യൻ ചരിത്രത്തിലെ സംഭവങ്ങളും സ്ഥലങ്ങളും കോർത്തിണക്കി എഴുതിയ മൂന്ന് പേജുള്ള പ്രണയലേഖനമാണ് ഇതുവരെ എഴുതിയതിൽ ഏറ്റവും നീളം കൂടിയത്. ഇന്റലക്ച്വലായും പൈങ്കിളിയായും കത്തുകൾ എഴുതാൻ ഉമർ തയ്യാറാണ്. ഇതൊക്കെയാണെങ്കിലും കല്യാണം കഴിഞ്ഞ് ഒരു വർഷമായിട്ടും സ്വന്തം ഭാര്യ ഫർസാനക്ക് ഇതുവരെ ഒരു പ്രണയലേഖനം എഴുതിക്കൊടുത്തിട്ടില്ലെന്നതാണ് കൗതുകം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top