വരന്റെ സിബില്‍ സ്‌കോര്‍ കുറഞ്ഞതിന്റെ പേരില്‍ കല്യാണം കലങ്ങി; ജാതകപ്പൊരുത്തത്തേക്കാള്‍ പ്രാധാന്യം ക്രെഡിറ്റ് സ്‌കോറിന്
ജാതകം ചേരാത്തതു കൊണ്ട് കല്യാണം മാറിപ്പോകുന്നത് കേട്ടിട്ടുണ്ട്, അതുമല്ലെങ്കില്‍ സ്ത്രീധനം കിട്ടാത്തതിന്റെ പേരിലും മുടങ്ങാം. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി വിവാഹം മുടങ്ങിയതിന് പുതിയൊരു കാരണം വന്നിരിക്കുകയാണ്. സിബില്‍ സ്‌കോര്‍ കുറഞ്ഞതിന്റെ പേരില്‍ മഹാരാഷ്ട്രയില്‍ ഒരു കല്യാണം അടിച്ചു പിരിഞ്ഞു.
മഹരാഷ്ട്രയിലെ മുര്‍തിസാപുരിലാണ് സംഭവം. വധൂവരന്‍മാരും കുടുംബങ്ങളും തമ്മിലിഷ്ടപ്പെട്ട് ആലോചിച്ച് ഉറപ്പിച്ചതായിരുന്നു വിവാഹം. ഇതിന് ശേഷം വധുവിന്റെ അമ്മാവന്‍മാരിലൊരാള്‍ വരന്റെ സിബില്‍ സ്‌കോര്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കിട്ടുന്നിടത്തു നിന്നെല്ലാം ലോണെടുത്ത് ധാരാളിത്തം കാട്ടുന്ന പ്രകൃതക്കാരനാണ് പയ്യനെന്ന് കണ്ടെത്തിയതോടെയാണ് വധുവിന്റെ വീട്ടുകാര്‍ വിവാഹ ബന്ധത്തില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനം എടുത്തത്.
സാമ്പത്തിക അച്ചടക്കം ഇല്ലാത്ത യുവാവിനോടൊപ്പമുള്ള തന്റെ അനന്തരവളുടെ ജീവിതം ദുരിതപൂര്‍ണമായിരിക്കുമെന്ന അമ്മാവന്റെ ദീര്‍ഘ ദര്‍ശനമാണ് കടുത്ത തീരുമാനമെടുക്കാന്‍ വീട്ടുകാരേയും പ്രേരിപ്പിച്ചത്. കല്യാണത്തില്‍ വില്ലനായി സിബില്‍ സ്‌കോര്‍ അവതരിക്കുമെന്ന് ആരും ഇതുവരെ ചിന്തിച്ചിരുന്നില്ല. ഇനി മുതല്‍ ജാതകപ്പൊരുത്തം തേടി ജോത്സ്യന്റെ അടുത്തു പോകന്നതിന് മുന്നേ രണ്ടു പേരുടേയും സിബില്‍ സ്‌കോര്‍ പരിശോധിച്ച് ഉറപ്പു വരുത്തണം.
എന്താണ് സിബില്‍ സ്‌കോര്‍ ?
ബാങ്കുകള്‍, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍ എന്നിവര്‍ അംഗമായിരിക്കുന്ന സാമ്പത്തിക വിശകലന സ്ഥാപനമാണ് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ലിമിറ്റഡ് (CIBIL). ഈ സ്ഥാപനം ഓരോ വ്യക്തിയുടെയും വായ്പാചരിത്രം കൃത്യമായി ശേഖരിച്ച് സൂക്ഷിക്കുന്നു. ഇതനുസരിച്ച് സിബില്‍ ട്രാന്‍സ് യൂണിയന്‍ സ്‌കോര്‍, ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് എന്നീ രണ്ട് രേഖകള്‍ സിബില്‍ ലഭ്യമാക്കുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകന് വായ്പ നല്‍കണമോ വേണ്ടയോ എന്ന് ഓരോ ധനകാര്യസ്ഥാപനത്തിനും തീരുമാനിക്കാവുന്നതാണ്. സിബില്‍ സ്‌കോര്‍ എന്നത് വായ്പ യോഗ്യതയെ വിലയിരുത്തുന്ന 3 അക്ക സംഖ്യയാണ്. 300 നും 900 നും ഇടക്കാണ് ഇതിന്റെ റേഞ്ച്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here