വനിതാ ദിനത്തില്‍ സര്‍പ്രൈസ് പ്രഖ്യാപനവുമായി പ്രധാനമന്ത്രി; പാചകവാതക സിലിണ്ടറിന്‍റെ വില കുറച്ചു
ഡല്‍ഹി: രാജ്യത്തെ പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ച് കേന്ദ്ര സര്‍ക്കാര്‍. വനിതാ ദിനത്തോടനുബന്ധിച്ചാണ് ഈ തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെ അറിയിച്ചു. ദശലക്ഷകണക്കിന് കുടുംബങ്ങളുടെ ക്ഷേമം മുന്നില്‍ കണ്ടുകൊണ്ടാണെന്നും നാരീ ശക്തിക്ക് ഇത് പ്രയോജനപ്പെടുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. ഇതോടെ 910 രൂപയായിരുന്ന എല്‍പിജിയുടെ വില 810 രൂപയാകും.
“പാചക വാതകം താങ്ങാനാവുന്ന വിലയിൽ എത്തിക്കുന്നതിലൂടെ ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. കേന്ദ്രത്തിന്റെ തീരുമാനം സ്ത്രീകളെ ശാക്തീകരിക്കും. പാചകവാതക വില കുറയ്ക്കുന്നതിലൂടെ കുടുംബങ്ങളുടെ ക്ഷേമത്തെ പിന്തുണയ്ക്കാനും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു” നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
അതേസമയം ഗ്യാസ് സിലിണ്ടറിന് 300 രൂപ വീതമുള്ള സബ്സിഡി തുടരാൻ ഇന്നലെ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കുള്ള സബ്സിഡി 2025 വരെ തുടരാനാണ് തീരുമാനം ഉണ്ടായത്. ദാരിദ്യ രേഖക്ക് താഴേയുള്ള സ്ത്രീകൾക്ക് എൽപിജി സിലിണ്ടർ നൽകുന്ന പദ്ധതിയാണ് ഉജ്ജ്വല യോജന. ലോകസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ കേന്ദ്രസര്‍ക്കാരിനു രാഷ്ട്രീയമായി ഗുണം ചെയ്യും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here