ഓർഡർ ചെയ്ത ഐഫോൺ നൽകാനെത്തി; ഡെലിവറി ഏജന്റിനെ കൊന്ന് കനാലിൽ തള്ളി
ഐഫോൺ വിതരണം ചെയ്യാൻ എത്തിയ ഡെലിവറി ഏജന്റിനെ കൊലപ്പെടുത്തി കനാലിൽ തള്ളി. 30 കാരനായ ഭാരത് സാഹുവെന്ന യുവാവ് ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സംഭവം.
നിഷാത്ഗഞ്ചിലെ ഗജനാൻ എന്നയാളാണ് 1.5 ലക്ഷം രൂപ വില വരുന്ന ഐഫോൺ ഫ്ലിപ്കാർട്ടിലൂടെ ക്യാഷ് ഓൺ ഡെലിവറി ഓപ്ഷനിൽ ഓർഡർ ചെയ്തത്. സെപ്റ്റംബർ 30 ന് ഐഫോൺ ഡെലിവർ ചെയ്യാനാണ് ഗജനാൻ താമസിക്കുന്ന സ്ഥലത്തേക്ക് ഭാരത് സാഹു എത്തിയത്. അവിടെ വച്ച് ഗജനാനും ഇയാളുടെ സുഹൃത്തും ചേർന്ന് ഭാരത് സാഹുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം ചാക്കിൽ ഇന്ദിര കനാലിൽ തള്ളുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
രണ്ടു ദിവസമായിട്ടും സാഹു വീട്ടിൽ എത്താതിരുന്നതോടെയാണ് കുടുംബം പരാതിയുമായി പോലീസ് സ്റ്റേഷനെ സമീപിച്ചത്. സെപ്റ്റംബർ 25 നാണ് സാഹുവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാർ പരാതി നൽകിയത്. സാഹുവിന്റെ ഫോൺ കോളുകൾ പരിശോധിച്ചപ്പോൾ ഗജനാനെയാണ് അവസാനമായി വിളിച്ചതെന്ന് കണ്ടെത്തി. ഇയാളുടെ സുഹൃത്ത് ആകാശിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
അതേസമയം, ഭാരത് സാഹുവിന്റെ മൃതദേഹം കനാലിൽനിന്നും ഇതുവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡിആർഎഫ്) സംഘം കനാലിൽനിന്നും മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here