എംജി ശ്രീകുമാറിൻ്റെ വീട്ടിൽ വേസ്റ്റില്ല!! വയ്പും കുടിയുമൊന്നും ഇല്ലെന്ന് വാദം… ഹരിതകർമസേനക്ക് 50 രൂപ കൊടുക്കാനോ ഗായകന് പാങ്ങില്ല

കായലോരത്തുള്ള വീട്ടിൽ നിന്ന് വെള്ളത്തിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിൻ്റെ പേരിൽ പ്രതിക്കൂട്ടിലാണ് എംജി ശ്രീകുമാർ ഇപ്പോൾ. കായലിലൂടെ ബോട്ടിൽ പോയവർ ഗായകൻ്റെ വീടിൻ്റെ വീഡിയോ എടുക്കാൻ ഒരുങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായി മാലിന്യമേറ് ക്യാമറയിലായത്. അവരത് തദ്ദേശമന്ത്രിക്ക് അയച്ചതിനെ തുടർന്ന് വിവരം പഞ്ചായത്തിലെത്തി 25,000 പിഴ ഒടുക്കേണ്ടി വന്നതിൻ്റെ വാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ കാര്യമായ ആക്ഷേപം ഏറ്റുവാങ്ങുകയാണ് ശ്രീകുമാർ.
ഇതിനിടയിലാണ് ഗായകൻ്റെ വീട് ഉൾപ്പെട്ട മുളവുകാട് പഞ്ചായത്തിൻ്റെ പ്രസിഡൻ്റ് ചില കാര്യങ്ങൾ തുറന്നുപറഞ്ഞത്. “മാലിന്യം ശേഖരിക്കുന്ന ഹരിതസേനാ പ്രവർത്തകർക്ക് ആ വീട്ടിലേക്ക് പ്രവേശനമില്ല. സെക്യൂരിറ്റി ജീവനക്കാരൻ പതിവായി അവരെ തടയുകയാണ്. അവിടെ ഭക്ഷണമൊന്നും ഉണ്ടാക്കുന്നില്ല, മാലിന്യമില്ല എന്നാണ് പറയുന്നത്. പ്ലാസ്റ്റിക് മാലിന്യവും പുറത്തേക്ക് കൊടുക്കുന്നില്ല”, പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് അക്ബർ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
എന്നാൽ തദ്ദേശസ്ഥാപന ചട്ടമനുസരിച്ച് ഇക്കാര്യം പഞ്ചായത്തിന് ബോധ്യപ്പെടണം. വീടിന് നമ്പർ ഇട്ട് നൽകിയിട്ടുണ്ട് എങ്കിൽ അതനുസരിച്ചുള്ള ചട്ടങ്ങൾ പാലിക്കാൻ എല്ലാ വീട്ടുകാരും ബാധ്യസ്ഥരാണ്. മാലിന്യം ശേഖരിക്കുന്ന ഹരിതകർമ സേനയ്ക്ക് 50 രൂപ ഫീസ് നൽകുന്നതിൽ നിന്ന് അതിദരിദ്രരായ ആളുകളെ മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്. മാലിന്യമില്ലെന്ന് പറഞ്ഞ് ഏതെങ്കിലും വീട്ടുകാർ ഇനിയും ഒഴിഞ്ഞുനിന്നാൽ പഞ്ചായത്തിന് നേരിട്ട് പരിശോധിക്കേണ്ടി വരുമെന്നും അതിനാവശ്യമായ നടപടി എടുക്കുമെന്നും പ്രസിഡൻ്റ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
ഇതോടെ ശ്രീകുമാറിനെ കാത്തിരിക്കുന്നത് കൂടുതൽ തലവേദനകളാകുമെന്ന് ഉറപ്പാകുകയാണ്. പുതിയ വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ ഇവരുടെ മാലിന്യനീക്കം നിരീക്ഷിക്കാൻ പഞ്ചായത്ത് നടപടി എടുക്കേണ്ടിവരും. കുടുംബമായി താമസിക്കുന്ന വീട്ടിൽ മാലിന്യമൊന്നും ഉണ്ടാകുന്നില്ല എന്ന വാദം പ്രത്യക്ഷത്തിൽ തന്നെ അസ്വാഭാവികമാണ്. ഭക്ഷണം ഉണ്ടാക്കുന്നില്ല, എല്ലാ നേരവും പാഴ്സൽ വാങ്ങിയാണ് ഗായകനും കുടുംബവും കഴിക്കുന്നതെന്ന് വാദിച്ചാൽ പോലും അതിൻ്റെ ബാക്കിയെങ്കിലും കളയാൻ ഉണ്ടാകണം.
ഇതോടെ കായലിലേക്കുള്ള മാലിന്യമേറിൻ്റെ കാര്യത്തിലും ചിത്രം വ്യക്തമാകുന്നുണ്ട്. കേടായി മുറ്റത്ത് പഴുത്തുവീണ മാമ്പഴം വെള്ള കടലാസിൽ പൊതിഞ്ഞ് വീട്ടുജോലിക്കാരി കായലിലേക്ക് കളഞ്ഞതാണ് എന്നാണ് ശ്രീകുമാറിൻ്റെ വിശദീകരണം. ഇത്ര വലിയ മാങ്ങയോ എന്ന് ചോദിച്ചും, കടലാസിൽ പൊതിഞ്ഞു കളഞ്ഞുവെന്ന് പറയുന്നതിൽ സംശയം ഉന്നയിച്ചും സോഷ്യൽ മീഡിയയിൽ കമൻ്റുകൾ നിറയുകയാണ്. ഇതിനിടെയാണ് പഞ്ചായത്തിൻ്റെ വെളിപ്പെടുത്തലും വരുന്നത്. അടുത്തയിടെയാണ് മുളവുകാടിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here