എംപോക്സ് ഇന്ത്യയിലും എത്തി; സ്ഥീരീകരിച്ച് ആരോഗ്യ മന്ത്രാലയം


രാജ്യത്ത് മങ്കിപോക്‌സ് (എംപോക്‌സ്) സ്ഥിരീകരിച്ചു. ദില്ലിയിൽ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ടായവ യുവാവിൻ്റെ പരിശോധനാ ഫലമാണ് പോസിറ്റീവ് ആയിരിക്കുന്നത്. പഴയ വകഭേദമാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളോടും ജാഗ്രത തുടരാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

മുമ്പ് രാജ്യത്ത് റിപ്പോർട്ട് ചെയ്ത പടിഞ്ഞാറൻ ആഫ്രിക്കൻ ക്ലേഡ്‌ 2 എംപോക്‌സ് ആണ് രോഗിക്ക് സ്ഥിരീകരിച്ചിരിക്കുന്നത് എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒറ്റപ്പെട്ട കേസാണെന്നും യാത്ര സംബന്ധമായാണ് രോഗബാധ ഉണ്ടായത്. ഇപ്പോൾ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥക്ക് കാരണമായ എംപോക്‌സ് ബാധയല്ല യുവാവിന് സ്ഥിരീകരിച്ചിരിക്കുന്നത്‌. ആഫ്രിക്കയിൽ നിലവിൽ പടർന്നു പിടിക്കുന്നത് ക്ലേഡ് 1 എംപോക്സ് വകഭേദമാണ്. യുവാവ് നിലവിൽ ഐസൊലേഷനിലാണ്.

രോഗലക്ഷണങ്ങളുള്ള എല്ലാവരെയും നിരീക്ഷിക്കുകയും ടെസ്റ്റ് നടത്തുകയും ചെയ്യണമെന്ന് മന്ത്രാലയം പുറത്തിറക്കിയ മുന്നറിയിപ്പില്‍ ആവശ്യപ്പെട്ടു. രോഗം സ്ഥിരീകരിച്ചവരെ ഐസൊലേഷനിലേക്കു മാറ്റണം. ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി രോഗം പടരുന്നതു തടയാൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

എംപോക്‌സ് രോഗികളെ പാർപ്പിക്കാനായി ഉപയോഗിക്കാവുന്ന ആശുപത്രികളുടെ പട്ടിക തയ്യാറാക്കാൻ സംസ്ഥാന ഭരണകൂടങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. സർക്കാരുകൾ കൂടുതൽ ജാഗ്രത പാലിക്കണം. അതേസമയം പൊതുജനങ്ങളിൽ അനാവശ്യമായ ഭീതി പരത്തരുതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നിർദ്ദേശങ്ങളിൽ പറഞ്ഞു.

2022ല്‍ ഇന്ത്യയില്‍ 30 പേര്‍ക്ക് എം പോക്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡല്‍ഹിയിലും കേരളത്തിലുമായിരുന്നു ഏറ്റവും കൂടുതൽ കേസുകള്‍ ഉണ്ടായിരുന്നത്. 2022 ജൂലൈ മാസത്തില്‍ കേരളത്തിലാണ് ഇന്ത്യയില്‍ ആദ്യമായി എം പോക്‌സ് കണ്ടെത്തിയത്. 2022 ജൂലൈ 14ന് യുഎഇയില്‍ നിന്ന് കേരളത്തിലെത്തിയ 22 വയസുകാരനായിരുന്നു രോഗബാധിതന്‍.

കോംഗോയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത രോഗബാധ അയൽരാജ്യങ്ങളായ കെനിയ, ഉഗാണ്ട, റുവാണ്ട എന്നീ പന്ത്രണ്ട് രാജ്യങ്ങളിൽ അതിതീവ്രമായ രീതിയില്‍ ബാധിച്ചതോടെയാണ് ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. യൂറോപ്പിലും അമേരിക്കയിലും രോഗം റിപ്പോർട്ട് ചെയ്തിരുന്നു. അയൽ രാജ്യമായ പാകിസ്താനിലും യുഎഇയിൽ നിന്നെത്തിയ മൂന്ന് പേർക്ക് രോഗബാധയുണ്ടെന്ന് കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top