‘കോഴിക്കോട്ട് മികച്ച സ്ഥാനാർത്ഥി’ എന്ന എൽഡിഎഫ് കൺവീനറുടെ ഗുഡ് സർട്ടിഫിക്കറ്റുമായി ബിജെപി; ഇപി ജയരാജന്‍റെ പ്രശംസാപത്രം നോട്ടീസടിച്ച് എംടി രമേശ്; പുലിവാല് പിടിച്ച് സിപിഎം

കോഴിക്കോട്: ഇടതുമുന്നണി കൺവീനറുടെ ‘ ഗുഡ് സർട്ടിഫിക്കറ്റ്’ നോട്ടീസായി അച്ചടിച്ചിറക്കി ബിജെപി സ്ഥാനാർത്ഥിയുടെ അവസാനവട്ട പ്രചാരണം. കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർത്ഥി എംടി രമേശിന്റെ വോട്ടർമാർക്കുള്ള കത്തിലാണ് ഇ.പി.ജയരാജന്റെ പരാമർശം ഉദ്ധരിച്ചിരിക്കുന്നത്. എൽഡിഎഫിന് ഇത് കടുത്ത നാണക്കേടായി മാറുകയാണ്. ‘സ്ഥാനാർത്ഥി എം ടി രമേശ് മികച്ചവനെന്ന് സിപിഎം നേതാവ് ഇ. പി.ജയരാജൻ പോലും സമ്മതിച്ചു’ എന്നാണ് നോട്ടീസിൽ അച്ചടിച്ചിരിക്കുന്നത്. ഇടതുസ്ഥാനാർത്ഥി എളമരം കരീമിനും സിപിഎമ്മിനും ഈ പ്രസ്താവനയിൽ കടുത്ത അമർഷമുണ്ട്. പോളിംഗിന് ഏതാനും മണിക്കുറുകൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് ബിജെപിയുടെ ഈ ബ്രഹ്മാസ്ത്ര പ്രയോഗം.

കഴിഞ്ഞ മാസം 12ന് കോഴിക്കോട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, എം.ടി.രമേശ് അടക്കമുള്ള ചില ബിജെപി സ്ഥാനാർത്ഥികൾ മികച്ചവരെന്ന് അഭിപ്രായപ്പെട്ടത്. “കേരളത്തിൽ പലയിടത്തും ബിജെപിക്ക് നല്ല സ്ഥാനാർഥികളാണുള്ളത്. തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ, കോഴിക്കോട് തുടങ്ങിയ മണ്ഡലങ്ങളിൽ മികച്ച സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. അതുകൊണ്ടാണ് ഇവിടുത്തെ പോരാട്ടം എൽഡിഎഫും ബിജെപിയും തമ്മിലാകുന്നത്.” കേരളത്തിൽ കോൺഗ്രസ് പ്രബലശക്തി അല്ലാതായി മാറിയതാണ് മത്സരചിത്രം മാറാൻ കാരണമെന്നും ജയരാജൻ അഭിപ്രായപ്പെട്ടിരുന്നു.

“എല്ലാസ്ഥലത്തും ബിജെപിയുടേത് നല്ല സ്ഥാനാർഥികളാണ്. തിരുവനന്തപുരത്ത് അവർ കേന്ദ്രമന്ത്രിയെയാണ് മത്സരിപ്പിക്കുന്നത്. ആറ്റിങ്ങലിലും കേന്ദ്രമന്ത്രിയാണ് മത്സരിക്കുന്നത്. അതുപോലെ തന്നെ മറ്റു പല മണ്ഡലങ്ങളിലും നല്ല സ്ഥാനാർഥികളാണ്. തൃശൂർ എടുത്താൽ സുരേഷ് ഗോപിയുണ്ട്. സുരേഷ് ഗോപി പക്ഷേ, അവിടെ ജയിച്ചുവരാനുള്ള സാധ്യതയൊന്നുമില്ല”, കൺവീനർ ഇങ്ങനെയും വിശദീകരിച്ചിരുന്നു.

“അവർ നിർത്തിയിരിക്കുന്ന സ്ഥാനാർഥികളിൽ പലരും പ്രമുഖ നേതാക്കളാണ്. കോഴിക്കോട്ട് എം.ടി. രമേശുണ്ട്. അവർ ഇത്തരത്തിൽ കരുത്തരായ സ്ഥാനാർഥികളെ നിർത്തി മത്സരിക്കുന്നു” ഇതായിരുന്നു രമേശിനുള്ള ജയരാജന്‍റെ സ്വഭാവ സർട്ടിഫിക്കറ്റ്. പ്രസ്താവന വിവാദമായപ്പോൾ ജയരാജൻ മലക്കം മറിഞ്ഞു. ഇടത് സ്ഥാനാർത്ഥികൾക്ക് ജാഗ്രത ഉണ്ടാക്കാനാണ് ബിജെപി സ്ഥാനാർത്ഥികൾ മികച്ചതെന്ന് പറഞ്ഞത് എന്നായിരുന്നു കൺവീനറുടെ ന്യായീകരണം.

ബിജെപിക്ക് സിപിഎം ബോധപൂർവ്വം ‘സ്പെയ്സ്’ ഉണ്ടാക്കി കൊടുക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തിരിച്ചടിച്ചു. ഇടത് കൺവീനറുടെ പ്രസ്താവനയ്ക്ക് കോൺഗ്രസ് നേതൃത്വം വ്യാപക പ്രചരവും നൽകി. ജയരാജന്‍റെ ഈ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് പ്രതിപക്ഷ നേതാവ് ജയരാജനും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും തമ്മിലുള്ള ബിസിനസ് ബന്ധത്തെക്കുറിച്ച് വിവരങ്ങൾ പുറത്തുവന്നത്. ജയരാജന്‍റെ ഭാര്യയും മകനും ചേർന്ന് കണ്ണൂരിൽ നടത്തുന്ന വൈദേകം ആയുർവേദ റിസോർട്ടിൽ രാജീവ് ചന്ദ്രശേഖറിന്‍റെ ഉടമസ്ഥതയിലുള്ള നിരാമയ റിസോർട്ട്സിന് ബിസിനസ് പങ്കാളിത്തമുണ്ടെന്ന് വി.ഡി.സതീശൻ തെളിവ് സഹിതം പുറത്തുവിട്ടതോടെ സിപിഎമ്മും ഇടത് മുന്നണി കൺവീനറും പ്രതിരോധത്തിലായി. ഈ അന്തർധാര നിമിത്തമാണ് ബിജെപി സ്ഥാനാർത്ഥികൾ മികച്ചതെന്ന് ജയരാജൻ പറഞ്ഞെതെന്നും കോൺഗ്രസ് ആക്ഷേപിച്ചു. രാജീവ് ചന്ദ്രശേഖറിന്‍റെ റിസോർട്ടുമായി ബന്ധമില്ലെന്ന് ആദ്യം ജയരാജൻ പറഞ്ഞെങ്കിലും തെളിവുകൾ പുറത്തുവന്നതോടെ ജയരാജനും രാജീവ് ചന്ദ്രശേഖറും ബിസിനസ് ബന്ധം സ്ഥിരീകരിച്ചു. അക്ഷരാര്‍ത്ഥത്തിൽ സിപിഎം പുലിവാല് പിടിച്ച സംഭവമായിരുന്നു ഇത്. ജയരാജനും രാജീവ് ചന്ദ്രശേഖറുമായുള്ള വ്യവസായ ബന്ധത്തെപ്പറ്റി സിപിഎം നേതൃത്വം ന്യായീകരിക്കാൻ പോലും തയ്യാറായില്ല. ആരോപണങ്ങൾക്ക് ജയരാജൻ തന്നെ നേരിട്ട് മറുപടി പറയട്ടെ എന്ന സമീപനമാണ് പാർട്ടി സ്വീകരിച്ചത്.

ബിജെപി ഉയർത്തുന്ന ഫാസിസ്റ്റ് വെല്ലുവിളികൾ ചെറുക്കാൻ ഇടത് മുന്നണിക്കേ കഴിയുവെന്ന സിപിഎമ്മിന്‍റെ അവകാശവാദത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു ജയരാജന്‍റെ വ്യവസായബന്ധവും ബിജെപി സ്ഥാനാർത്ഥികൾക്ക് നൽകിയ മികച്ച സ്വഭാവ സർട്ടിഫിക്കറ്റും. ഈ പ്രസ്താവനകൾക്ക് പിന്നാലെ എൽഡിഎഫിന്‍റെ പ്രചരണങ്ങളിൽ നിന്ന് ജയരാജനെ ഏതാണ്ട് ഒഴിവാക്കിയ മട്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ തുടക്കത്തിലേറ്റ ക്ഷതം ഇടത് മുന്നണിയെ അവസാന ലാപ്പിലും വിടാതെ പിന്തുടരുന്നു എന്നതിന് തെളിവാണ് എംടി രമേശിന്‍റെ നോട്ടീസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top