മൊയ്തീൻ ചാക്കിൽ പണം കെട്ടി കൊണ്ടുപോകുന്നത് കണ്ടുവെന്ന് പറയാൻ പറഞ്ഞു; എന്ത് ചെയ്താലും പുറം ലോകം അറിയില്ലെന്നും ഭീഷണിപ്പെടുത്തി; ഇഡിയ്ക്കെതിരെ എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ എ.സി.മൊയ്തീനെ അറസ്റ്റ് ചെയ്യാനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യാജ തെളിവുകള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചതായും കൗൺസിലർ പി ആർ അരവിന്ദാക്ഷനെ മര്‍ദ്ദിച്ചതായും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള കള്ള പ്രചാരണവും സഹകരണ മേഖലയിലെ ഇഡി പരിശോധനയും സർക്കാരിനെയും പാർട്ടിയെയും തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. പാര്‍ട്ടിയ്ക്ക് എതിരെ നീങ്ങാനുള്ള ഇഡി നീക്കത്തെ ചെറുക്കുമെന്നും എം.വി.ഗോവിന്ദന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഭൂരിപക്ഷം സ്ഥാപനങ്ങളിലും അഴിമതിയുണ്ടെന്ന് പ്രചരിപ്പിക്കുന്നത് സഹകരണ മേഖലയെ തകർക്കാനാണ്. പാർട്ടി സംസ്ഥാന സമിതി അംഗമായ എ.സി.മൊയ്തീന്റെ വീട് ഇഡി റെയ്ഡ് ചെയ്തിട്ടും ചോദ്യം ചെയ്തിട്ടും തെളിവും കണ്ടെത്താനായില്ല. തെളിവുണ്ടാക്കാനായി ചിലരെ ചോദ്യം ചെയ്തപ്പോള്‍ മൊയ്തീന്റെ പേരു പറയണമെന്ന് ഭീഷണിപ്പെടുത്തി. മൊയ്തീൻ ചാക്കിൽ പണം കെട്ടി കൊണ്ടുപോകുന്നത് കണ്ടുവെന്ന് പറയാൻ കൗൺസിലർമാരെ ഇഡി ഉദ്യോഗസ്ഥർ മർദ്ദിക്കുകയാണ്. മകളുടെ വിവാഹ നിശ്ചയം പോലും നടക്കില്ലെന്ന് അരവിന്ദാക്ഷനെ ഭീഷണിപ്പെടുത്തി ഒരു മുറി കാണിച്ച് അവിടെവച്ച് എന്തു ചെയ്താലും പുറംലോകം അറിയില്ലെന്ന് ഭീഷണിപ്പെടുത്തി. ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്ഥരാണ് ഇതിനു നേതൃത്വം നൽകുന്നത്. രാഷ്ട്രീയ ഉന്നംവച്ച് മൊയ്തീനെ പ്രതിയാക്കണമെന്ന നിലപാട് അംഗീകരിക്കാനാകില്ല

കരുവന്നൂരിൽ സിപിഎമ്മിന് ഒന്നും മറച്ചുവെക്കാനില്ല. നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാൻ ശ്രമം നടക്കുന്നുണ്ട്. കരുവന്നൂരിന്റെ പേരിൽ സഹകരണ മേഖല മുഴുവൻ അഴിമതിയാണെന്ന് പറയാൻ കഴിയില്ല. സഹകരണ മേഖലയെ കൈപ്പിടിയിലാക്കാൻ കേന്ദ്രം ശ്രമിക്കുന്നു. അമിത് ഷാ നേരിട്ട് ഇടപെട്ടാണ് കാര്യങ്ങൾ നടപ്പിലാക്കുന്നത്. കേരളത്തിന് ലഭിക്കേണ്ട 40000 കോടി മനഃപൂർവം തരാതിരിക്കുകയാണ്.
അതിനായി സമാന്തരമായി പരിപാടികൾ ആസൂത്രണം ചെയ്യുന്നു. നോട്ടുനിരോധനത്തിന്റെ സമയത്തും സഹകരണമേഖലയെ തകർക്കാൻ ശ്രമം നടന്നു.

മാത്യു കുഴൽനാടനോട് താൻ 7 ചോദ്യം ചോദിച്ചിട്ടും മറുപടിയില്ല. അദ്ദേഹത്തിനെതിരെയുള്ള വിജിലൻസ് അന്വേഷണം രാഷ്ട്രീയ വേട്ടയാടലല്ല. യുഡിഎഫിൽ തർക്കം രൂക്ഷമാണ്. മൈക്കിനു വേണ്ടിയുള്ള തർക്കം ജനങ്ങൾ മാധ്യമങ്ങളിലൂടെ കണ്ടു. പാർട്ടി അധ്യക്ഷനാണ് തിരഞ്ഞെടുപ്പ് ജയിച്ച അവസരത്തിൽ വാർത്താ സമ്മേളനം നടത്തേണ്ടത്. വികസന വിശദീകരണ യോഗത്തെ പ്രതിപക്ഷം എതിർക്കുന്നത് അവർക്ക് പേടിയുള്ളത് കൊണ്ടാണ്. മാസപ്പടി വിഷയത്തിൽ കരിമണൽ കർത്തയുടെ ഡയറിയിൽ പറയുന്ന പിവി പിണറായി വിജയനല്ല. അത് പാര്‍ട്ടി അന്വേഷിച്ചിട്ടുണ്ടെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top