‘ജയമോഹന്‍റെ പെറുക്കികള്‍ പ്രയോഗം സംഘപരിവാർ പശ്ചാത്തലത്തിൽ നിന്ന്’; മലയാളികളെ വിമര്‍ശിച്ചതിന് മറുപടിയുമായി എംഎ ബേബി
തിരുവനന്തപുരം: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ പേരില്‍ മലയാളികളെ വിമര്‍ശിച്ച തിരക്കഥാകൃത്ത് ജയമോഹനെതിരെ സിപിഎം നേതാവ് എം.എ.ബേബി. ഞങ്ങള്‍ പെറുക്കികള്‍ ആണ്. ഈ പെറുക്കികള്‍ സംഘടിച്ച് സമരം ചെയ്താണ് ഇന്ത്യയിലെ ഏറ്റവും പുരോഗതിയുള്ള സമൂഹത്തെ സൃഷ്ടിച്ചത്. ജാതി ജന്മി നാടുവാഴി മേധാവിത്വത്തിന്റെ അടിത്തറ തകർത്തുവിട്ടതും ഈ പെറുക്കികള്‍ ആണ്. പുറംപോക്കിലെ പെറുക്കികളെ ആഘോഷിക്കുന്ന ടി.എം.കൃഷ്ണയുടെ ‘പുറംപോക്ക് ‘ എന്ന പാട്ടാണ് ജയമോഹൻറെ അധിക്ഷേപത്തിന് തക്കമറുപടിയെന്നും എം.എ.ബേബി ഫെയ്സ്ബുക്കില്‍ കുറിച്ചു.
തമിഴ് തിരക്കഥാകൃത്തും മലയാളിയുമായ ജയമോഹന്‍, ‘കുടിച്ചു കൂത്താടുന്ന തെണ്ടികള്‍’ (കുടികാര പൊറുക്കികളിന്‍ കൂത്താട്ടം) എന്ന് മഞ്ഞുമ്മല്‍ ബോയിസിനെ വിശേഷിപ്പിച്ച തലക്കെട്ടില്‍ എഴുതിയ ബ്ലോഗ് പോസ്റ്റാണ് വിവാദമായത്. മഞ്ഞുമ്മൽ ബോയ്സിനെ കുറിച്ചെഴുതിയ വെറുപ്പിന്റെ വെളിപാട് ഒരു ദയയും അർഹിക്കുന്നില്ലെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും പ്രതികരിച്ചിരുന്നു.
എംഎ ബേബിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
‘ജയമോഹൻ എന്ന ജയമോഹൻ നായർ മലയാളികളെ അധിക്ഷേപിച്ചു നടത്തിയ ‘പെറുക്കികൾ’ എന്ന പ്രയോഗം സംഘപരിവാർ പശ്ചാത്തലത്തിൽ നിന്നു കൂടി വരുന്നതാണ്. മലയാളികളെയും കേരളത്തെയും അധിക്ഷേപിക്കാനുള്ള സംഘപരിവാർ ശ്രമത്തിൻറെ ഭാഗമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയെ ചാരി ഒരു വിവാദമുണ്ടാക്കാൻ ജയമോഹൻ നടത്തുന്ന ശ്രമങ്ങൾ. ഈ പെറുക്കികൾ ഉണ്ടാക്കിയ വിപ്ലവത്തിൽ ജയമോഹനെപ്പോലെയുള്ള ആളുകൾക്ക് അസ്വസ്ഥതയുണ്ട് എന്നത് തന്നെയാണ് ഞങ്ങളുടെ മഹത്വം. ജയമോഹൻറെ അന്യഥാ ആകർഷകമായ പലരചനകളിലും ഒളിഞ്ഞും തെളിഞ്ഞും കടന്നുവരുന്ന സംഘപരിവാർ പ്രത്യയശാസ്ത്രം അദ്ദേഹത്തിന്റെ പ്രസ്താവനകളിൽ മാത്രമല്ല, ‘നൂറു സിംഹാസനങ്ങൾ’ പോലുള്ള അതിപ്രശസ്ത കൃതികളിൽ പോലും ഒരു സൂക്ഷ്മവായനയിൽ വെളിപ്പെടുന്നതാണ്. ‘ എംഎ ബേബി എഴുതി.
കേരളത്തിലും തമിഴ്നാട്ടിലും വന്‍ വിജയമായ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ പേരിൽ മലയാളികൾക്കെതിരെ രൂക്ഷ അധിക്ഷേപം ചൊരിഞ്ഞാണ് ജയമോഹന്‍ ബ്ലോഗില്‍ കുറിച്ചത്. സാധാരണക്കാരെ കുറിച്ചുള്ള കഥ എന്ന പേരില്‍ ‘പൊറുക്കികളെ’ സാമാന്യവല്‍ക്കരിക്കുകയാണെന്ന് ജയമോഹന്‍ വിമര്‍ശിച്ചു. മദ്യപാനവും വ്യഭിചാരവും സാമാന്യവത്കരിക്കുന്ന സിനിമകള്‍ എടുക്കുന്ന സംവിധായകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ജയമോഹന്‍ അഭിപ്രായപ്പെട്ടു. തുടക്കത്തില്‍ സിനിമയെ വിമര്‍ശിച്ചും തുടരെത്തുടരെ മലയാളികളെയും കേരളത്തെയും ആക്ഷേപിച്ചുമായിരുന്നു ജയമോഹന്‍റെ ലേഖനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here