ഇഎംഎസിന് ശേഷം പാർട്ടിയെ നയിക്കാനെത്തുന്ന മലയാളി; ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബേബിയോട് മത്സരിക്കാൻ ആരുമില്ല

എംഎ ബേബിയെ സിപിഎം ജനറൽ സെക്രട്ടറിയാക്കാനുള്ള ശുപാര്‍ശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു. പുതിയ കേന്ദ്ര കമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പുണ്ടാകില്ലെന്ന് ധാരണയിലെത്തി. ബംഗാള്‍ ഘടകം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല.
ഇന്ന് രാവിലെ ചേര്‍ന്ന പിബി യോഗത്തിലാണ് ബേബിയുടെ പേര് അന്തിമമായി അംഗീകരിച്ചത്. കേന്ദ്ര കമ്മിറ്റി യോഗത്തിൽ എംഎ ബേബിയുടെ പേര് അംഗീകരിച്ച ശേഷമായിരിക്കും ഔദ്യോഗികമായി പ്രഖ്യാപിക്കുക. ജനറൽ സെക്രട്ടറി സ്ഥാനത്തെക്കുറിച്ച് ഉത്തരവാദപ്പെട്ട വ്യക്തികൾ പറയുമെന്ന് മാത്രമാണ് ബേബി പ്രതികരിച്ചത്.

ഇഎംഎസ് നമ്പൂതിരിപ്പാടിന് ശേഷം ജനറൽ സെക്രട്ടറിയാകുന്ന മലയാളിയാണ് എംഎ ബേബി. ഏറെക്കാലം ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ച അദ്ദേഹം പാർട്ടിയുടെ സാംസ്‌കാരിക -ദാർശനിക മുഖമാണ്. കൊല്ലം എസ്എൻ കോളജിൽ നിന്ന് തുടങ്ങിയ സംഘടനാ പ്രവർത്തനമാണ് ബേബി പാർട്ടിയെ അമരത്തേക്ക് എത്തിച്ചിരിക്കുന്നത്.
സീതാറാം യെച്ചൂരിയുടെ നിര്യാണത്തിന് ശേഷം പിൻഗാമിയെ കണ്ടെത്താനാകാതെ ഒഴിഞ്ഞുകിടന്ന സ്ഥാനത്തേക്കാണ് എംഎ ബേബി എത്തുന്നത്. പിണറായി വിജയൻ്റെ ഉറച്ച പിന്തുണ ഉണ്ടായത് കൊണ്ടാണ് ഇപ്പോൾ അദ്ദേഹം ഈ സ്ഥാനത്തേക്ക് എത്തുന്നത്. പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും രാവിലെ സമ്മേളന നഗരിയിലേക്ക് പുറപ്പെടാനിറങ്ങിയ ബേബിയെ അഭിനന്ദിക്കാനും ഒപ്പം നിന്ന് ചിത്രമെടുക്കാനും പാര്‍ട്ടി പ്രവര്‍ത്തകർ പലരും എത്തിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here