പിതാവിന്റെ കേസ് ഡയറിയിൽ നിന്നുള്ള കഥയുമായി എം.എ. നിഷാദ്; അണിയറയിൽ ഒരുങ്ങുന്നത് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; പ്രധാന വേഷത്തിൽ സംവിധായകനും

മലയാള സിനിമയില്‍ ഒരു പിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് എം.എ. നിഷാദ്. തന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായ പി.എം. കുഞ്ഞിമൊയ്തീൻ കുട്ടിയുടെ കേസ് ഡയറിയില്‍ നിന്നുള്ള കഥയെ ആസ്പദമാക്കി പുതിയ ചിത്രം ഒരുക്കുകയാണ് എം.എ. നിഷാദ്. ബെന്‍സി പൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖരായ ഒട്ടേറെ അഭിനേതാക്കള്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നു. സംവിധായകനായ നിഷാദും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ദീര്‍ഘകാലം ക്രൈംബ്രാഞ്ച് എസ്.പി.യായും പിന്നീട് ഇടുക്കി എസ്.പി.യായും സര്‍വീസിലുണ്ടായിരുന്ന കുഞ്ഞിമൊയ്തീന്‍ കുട്ടി മധ്യമേഖല ഡി.ഐ.ജിയായും ക്രൈംബ്രാഞ്ച് ഡി. ഐ.ജിയായും പ്രവര്‍ത്തിച്ചതിനു ശേഷമാണ് ജോലിയില്‍ നിന്നു വിരമിച്ചത്. വിശിഷ്ട സേവനത്തിന് രണ്ടു പ്രാവശ്യം ഇന്ത്യന്‍ പ്രസിഡന്റിന്റെ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കേസന്വേഷണങ്ങള്‍ ഏറെ പ്രശസ്തമാണ്. പ്രമാദമായ പല കേസുകളുടേയും ചുരുളുകള്‍ നിവര്‍ത്തിയിട്ടുള്ള ഇദ്ദേഹത്തിന്റെ കേസ് ഡയറിയിലെ ഒരു കേസാണ് എം.എ. നിഷാദ് തന്റെ പുതിയ സിനിമയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. നിഷാദ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

ഏപ്രില്‍ 12ന് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടത്തും. അഭിനേതാക്കളുടെയും അണിയപ്രവര്‍ത്തകരുടെയും പേരുവിവരങ്ങളും അന്നേദിവസം പ്രഖ്യാപിക്കും. ഈ ചിത്രത്തിലെ പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കള്‍ക്ക് ഏപ്രില്‍ പതിമൂന്നിന് മുന്‍ ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റയുടേയും, റിട്ട. ക്രൈംബ്രാഞ്ച് എസ്.പി. ഷാനവാസിന്റേയും സാന്നിദ്ധ്യത്തില്‍ പരിശീലന ക്ലാസ്സും സംഘടിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ 22ന് കോട്ടയത്ത് ചിത്രീകരണം ആരംഭിക്കും.

പൃഥ്വിരാജ് നായകനായ പകല്‍ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് എം.എ. നിഷാദ് സംവിധായകനിരയിലേക്ക് കടന്നു വരുന്നത്. മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രമെന്ന നിലയില്‍ പകല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നഗരം, ബെസ്റ്റ് ഓഫ് ലക്ക്, സുരേഷ് ഗോപിനായകനായ ആയുധം, വൈരം, പശുപതി നായകനായ നമ്പര്‍ 66 മധുര ബസ്, കിണര്‍, തെളിവ്, ഭാരത് സര്‍ക്കസ്, അയ്യര്‍ ഇന്‍ അറേബ്യ എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ടൂ മെന്‍ എന്ന ചിത്രത്തില്‍ നായകനാവുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top