‘മുകുന്ദനുണ്ണി’ മോഡലില്‍ കേസ് തട്ടി എടുത്തെന്ന് അഭിഭാഷകന്‍; ആള്‍മാറാട്ടത്തിന് ഒരാള്‍ അറസ്റ്റില്‍; ബാര്‍ കൗണ്‍സിലിന് പരാതി
തളിപറമ്പ്: തളിപ്പറമ്പിലെ വാഹനാപകടക്കേസ് ഏറ്റെടുത്ത അഭിഭാഷകനില്‍ നിന്നും കേസ് തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി. വിനീത് ശ്രീനിവാസന്‍ നായകനായ മുകുന്ദനുണ്ണി അസോസിയേറ്റ്സ് മോഡലില്‍ കേസ് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയാണ് തളിപ്പറമ്പിലുണ്ടായത്. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട എംഎസിറ്റി കേസുകള്‍ക്ക് പിന്നില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണം മുന്‍പേയുണ്ട്.
കക്ഷികളുടെ നിര്‍ദേശപ്രകാരമാണെന്ന് പറഞ്ഞ് കേസ് ഏറ്റെടുക്കാന്‍ അഭിഭാഷകന്‍ ചമഞ്ഞ് സി.വി.ലതീഷെന്ന ആള്‍ തളിപ്പറമ്പ് ബാറിലെ അഡ്വ. പി.സുനില്‍ കുമാറിന്റെ ഓഫീസിലെത്തിയതാണ് സംശയത്തിനിടയാക്കിയത്. സംസാരമധ്യേ വന്നയാള്‍ അഭിഭാഷകനല്ലെന്നും എജന്റാണെന്നും ബോധ്യമായതിനെ തുടര്‍ന്ന് ആള്‍മാറാട്ടത്തിന് സുനില്‍ കുമാര്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കി. ഇയാളുടെ സഹായിയായ ഷെബീറിനെ പോലീസ് തിരയുന്നുണ്ട്. കോഴിക്കോട് സ്വദേശിയായ അഭിഭാഷകന്റെ കമ്മീഷന്‍ ഏജന്റുമാരാണ് ഇവരെന്ന് സുനില്‍ കുമാര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. വാഹനാപകട കേസുകളില്‍ സംഭവിക്കുന്നതിനെക്കുറിച്ച് ഉത്തമബോധ്യമുണ്ടായതിനാലാണ് തന്നില്‍ നിന്നും എംഎസിടി കേസ് ഏറ്റെടുക്കാനെത്തിയ ഏജന്റിനെതിരെ പോലീസിന് പരാതി നല്‍കിയത്.
“രണ്ട് മാസം മുന്‍പുള്ള വാഹനാപകടവുമായി ബന്ധപ്പെട്ട് കക്ഷികള്‍ എന്നെ കാണാന്‍ വന്നിരുന്നു. നഷ്ടപരിഹാരം തേടിയുള്ള ഈ കേസിന്റെ നടപടികള്‍ മുന്നോട്ട് നീക്കിയിരുന്നു. അപ്പോഴാണ് കോഴിക്കോടുള്ള പ്രമുഖ അഭിഭാഷകന്‍റെ പേര് പറഞ്ഞ് ഏജന്റുമാര്‍ കക്ഷികളെ കണ്ടത്. എംഎസിടി കേസുകള്‍ നടക്കുന്നത് കോഴിക്കോടായതിനാല്‍ കക്ഷികളും ഈ സമ്മര്‍ദത്തിന് വഴങ്ങി. രേഖകള്‍ കൈമാറാനും ആവശ്യപ്പെട്ടു. കോഴിക്കോടുള്ള അഭിഭാഷകനോട് എത്താന്‍ പറഞ്ഞപ്പോള്‍ ഏജന്റാണ് എത്തിയത്. കോഴിക്കോട്ടെ അഭിഭാഷകനാണ് എന്ന് പറഞ്ഞാണ് സംസാരം തുടങ്ങിയത്.”
“സംസാരമധ്യേ ഇയാള്‍ അഭിഭാഷകനല്ല എന്ന് ബോധ്യമായി. ആള്‍മാറാട്ടമാണെന്ന് വ്യക്തമായപ്പോള്‍ ഞാന്‍ കോഴിക്കോട് ബാര്‍ അസോസിയേഷനെ ബന്ധപ്പെടുകയും വന്നത് ഏജന്റുമാരാണ് എന്ന് ഉറപ്പിക്കുകയും ചെയ്തു. നിരവധി ഏജന്റുമാര്‍ കോഴിക്കോട്ടെ അഭിഭാഷകന്‍റെ പേരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇയാള്‍ ഏജന്റുമാരെ വച്ചാണ് കേസുകള്‍ ക്യാൻവാസ് ചെയ്യുന്നത്. ഇത് നിയമവിരുദ്ധമാണ്. ഇവര്‍ ആള്‍മാറാട്ടവും നടത്തി അതിനാലാണ് പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍ ബാര്‍ കൗണ്‍സിലിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.” സുനില്‍ കുമാര്‍ പറഞ്ഞു. കേസില്‍ അന്വേഷണം നടക്കുകയാണെന്ന് തളിപ്പറമ്പ് പോലീസ് പറഞ്ഞു. “ഒരാളെകൂടി പിടികൂടാനുണ്ട്. അതിന് ശേഷമേ എന്തെങ്കിലും പറയാന്‍ കഴിയുകയുള്ളൂ.” പോലീസ് വ്യക്തമാക്കി.
എംഎസിടി കേസുകള്‍ക്ക് പിന്നില്‍ അഭിഭാഷകര്‍ക്കിടയില്‍ വലിയ പിടിവലികള്‍ നടക്കുന്നുണ്ട്. കേസില്‍ വിധി വന്നാല്‍ 10 ശതമാനം മുതല്‍ 20 ശതമാനം വരെ കമ്മീഷനാണ് അഭിഭാഷകര്‍ക്ക് ലഭിക്കുന്നത്. കേസുകള്‍ ക്യാന്‍വാസ് ചെയ്യാന്‍ പാടില്ലെന്ന് നിയമമുണ്ടെങ്കിലും ഇത് ലംഘിക്കപ്പെടുകയാണ് ചെയ്യുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here