കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല്‍ ഷണ്ഡീകരണം; കടുത്ത നിയമവുമായി മഡഗാസ്കർ

ആന്റനനറീവോ: കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവര്‍ക്ക് കഠിന ശിക്ഷയുമായി മഡഗാസ്കർ. രാസവസ്തുക്കളിലൂടെ അല്ലെങ്കില്‍ ശസ്ത്രക്രിയയിലൂടെ ഷണ്ഡീകരണം നടത്തുന്ന രണ്ട് ശിക്ഷാമാര്‍ഗങ്ങളാണ് കഴിഞ്ഞ ദിവസം മഡഗാസ്കർ പാര്‍ലമെന്‍റ് പാസ്സാക്കിയത്. ഈ ശിക്ഷ നിര്‍ദ്ദേശിച്ച പ്രസിഡന്‍റ് ആന്‍ഡ്രി രജോലിന ബില്ല് ഒപ്പിടുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും.
രാസവസ്തുക്കള്‍ ഉപയോഗിച്ച് ലൈംഗിക ഹോർമോണുകളുടെ ഉത്പാദനം കുറയ്ക്കുന്ന പ്രക്രിയയാണ് കെമിക്കല്‍ കാസ്ട്രേഷന്‍ അഥവാ രാസ ഷണ്ഡീകരണം. ശസ്ത്രക്രിയയിലൂടെ വൃഷണങ്ങള്‍ നീക്കം ചെയ്യുന്നതാണ് സര്‍ജിക്കല്‍ കാസ്ട്രേഷന്‍. പുതുതായി വരാന്‍ പോകുന്ന നിയമമനുസരിച്ച് 10 വയസ്സിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കുറ്റവാളികൾക്ക് സര്‍ജിക്കല്‍ കാസ്ട്രേഷൻ നിർബന്ധമാക്കും. 10നും 13നും ഇടയിൽ പ്രായമുള്ള കുട്ടികളെ പീഡിപ്പിച്ച കേസിലാണെങ്കില്‍ ശസ്ത്രക്രിയയിലൂടെയോ കെമിക്കൽ കാസ്ട്രേഷനിലൂടെയോ ശിക്ഷ നടപ്പാക്കും. 14നും 17നുമിടയില്‍ പ്രായമുള്ള കുട്ടികളെ പീഡിപ്പിച്ചാല്‍ കെമിക്കൽ കാസ്ട്രേഷനിലൂടെ ശിക്ഷിക്കപ്പെടും.
ബില്‍ അതികഠിനവും മനുഷ്യത്വരഹിതവുമാണെന്ന് പറഞ്ഞ് ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. എന്നാല്‍ രാജ്യത്തെ പീഡന പരമ്പരകള്‍ തടയാന്‍ നിയമം അനിവാര്യമാണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം 600 കുട്ടികളാണ് രാജ്യത്ത് പീഡനത്തിന് ഇരയായത്. ഇക്കൊല്ലം ജനുവരിയില്‍ മാത്രം 133 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഷണ്ഡീകരണത്തിലൂടെ ശിക്ഷാവിധി നടപ്പാക്കുന്ന ആദ്യത്തെ രാജ്യമല്ല മഡഗാസ്കർ. പെറു, പോളണ്ട്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ രാസ ഷണ്ഡീകരണം നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ സര്‍ജിക്കല്‍ കാസ്ട്രേഷന്‍ വളരെ ചുരുക്കമാണ്. 2020ല്‍ നൈജീരിയയില്‍ 14 വയസിനു താഴെയുള്ള കുട്ടികളെ പീഡിപ്പിച്ച കുറ്റവാളികളില്‍ സര്‍ജിക്കല്‍ കാസ്ട്രേഷന്‍ ചെയ്തിരുന്നു. ലൈംഗിക കുറ്റവാളികളെ ശസ്ത്രക്രിയയിലൂടെ ഷണ്ഡീകരണം ചെയ്യാന്‍ ജര്‍മനിയിലും അംഗീകാരമുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here