ലോകത്തിലെ ഏറ്റവും സമ്പന്നമായ ഗ്രാമം ഇന്ത്യയിൽ; കാരണം സിംപിളാണ്


ലോകത്തിലെ ഏറ്റവും സമ്പന്നമായ ഗ്രാമമെന്ന വിശേഷണം സ്വന്തമാക്കി ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള മധാപര്‍. എസ്ബിഐ, പിഎൻബി, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്,എച്ച്‌ഡിഎഫ്‌സി ബാങ്ക്,യൂണിയൻ ബാങ്ക് തുടങ്ങിയ പ്രധാന പൊതു-സ്വകാര്യ ബാങ്കുകളും ഉൾപ്പെടെ 17 ബാങ്കുകളാണ് ഇവിടെയുള്ളത്. ഗ്രാമപ്രദേശങ്ങളെ സംബന്ധിച്ച് ഇത് വളരെ അപൂർവ്വമായ കാര്യമാണ്.

ഈ ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങളുടെ മൂല്യം മാത്രം 7,000 കോടി രൂപയാണ്. ഇത് തന്നെ ഗ്രാമവാസികൾ എത്രത്തോളം സമ്പന്നരാണ് എന്നത് അടയാളപ്പെടുത്തുന്നു.
മധാപറിലെ ജനസംഖ്യ ഏകദേശം 32,000മാണ്. ഗ്രാമത്തിൽ ഏകദേശം 7,600 വീടുകളുണ്ട്. ഇവരിൽ ഏകദേശം 1,200 കുടുംബങ്ങൾ വിദേശത്ത് താമസിക്കുന്നു. ഈ എൻആർഐ (നോൺ റസിഡൻ്റ് ഇന്ത്യൻ) കുടുംബങ്ങളാണ് പ്രദേശത്തിൻ്റെ സമൃദ്ധിക്ക് പിന്നിലെ കാരണം. ഇവർ ഓരോ വർഷവും പ്രാദേശിക ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും കോടികൾ നിക്ഷേപിക്കുന്നു. പട്ടേൽ സമുദായക്കാരാണ് മധാപറില്‍ കൂടുതലും താമസിക്കുന്നത്.

വർഷങ്ങളായി രാജ്യത്തിന് പുറത്ത് ജോലി ചെയ്യുന്നവരുടേയും താമസിക്കുന്നവരുടേയും തങ്ങളുടെ ഗ്രാമത്തോട് ചേർന്ന് നിൽക്കാനുള്ള മനോഭാവമാണ് നാടിന്‍റെ ഈ നേട്ടത്തിന് കാരണമായതെന്ന് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പരുൽബെൻ കാര പറയുന്നു. അതിനാൽ നിലവിൽ താമസിക്കുന്ന സ്ഥലത്തേക്കാൾ ഇവിടെയുള്ള ബാങ്കുകളിൽ പണം നിക്ഷേപിക്കാനാണ് അവർ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മധാപറില്‍ നിന്നും ഏറ്റവും അധികം ആളുകൾ ജോലി ചെയ്യുന്നത് ആഫ്രിക്കയിലാണ്. മധ്യാഫ്രിക്കയിലെ നിർമാണ ബിസിനസുകളിൽ പ്രവർത്തിക്കുന്ന ഗുജറാത്തികളിൽ കൂടുതൽ പേരും ഈ ഗ്രാമത്തിൽ നിന്നുള്ളവരാണ്. യുകെ, ഓസ്‌ട്രേലിയ, അമേരിക്ക, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലും നിരവധിപ്പേർ ഇവിടെ നിന്നും കുടിയേറി പാർത്തിട്ടുണ്ട്. ഇവർ പ്രാദേശിക ബാങ്കുകളിൽ നടത്തിയ ഭീമമായ നിക്ഷേപമാണ് ഗ്രാമത്തെ അഭിവൃദ്ധിയുടെ കാര്യത്തിൽ ഒന്നാമതെത്തിച്ചതെന്ന് ഒരു ദേശസാൽകൃത ബാങ്കിൻ്റെ ബ്രാഞ്ച് മാനേജർ പറയുന്നു. വളരെ മെച്ചപെട്ട അടിസ്ഥാന സൗകര്യങ്ങളും ഗുജറാത്തിലെ മറ്റ് ഗ്രാമങ്ങളെ അപേക്ഷിച്ച് ഇവിടെയുണ്ട്. വെള്ളം, വൃത്തി, റോഡുകൾ, പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവയെല്ലാം നഗരങ്ങളോട് കിടപിടിക്കുന്നതാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top