ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; കാല്‍കഴുകി ക്ഷമ പറഞ്ഞ് മധ്യപ്രദേശ് മുഖ്യമന്ത്രി
ഭോപ്പാല്‍: ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ ജനരോഷം ശക്തമായതിന് പിന്നാലെ ക്ഷമാപണവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ആക്രമണത്തിന് ഇരയായ ദഷ്മന്ത് റാവത്തിനെ ഭോപ്പാലിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിച്ച് കാല്‍കഴുകിയായിരുന്നു ക്ഷമാപണം. യുവാവുമായി നടത്തിയ ഹ്വസ്വ സംഭാഷണത്തിനിടെ സംഭവത്തില്‍ ദുഃഖമറിയിച്ച ചൗഹാന്‍ പാവപ്പെട്ട ജനങ്ങള്‍ തനിക്ക് ദൈവത്തെപ്പോലെയാണെന്നും പറഞ്ഞു.
ബിജെപി പ്രവർത്തകനായ പ്രവേശ് ശുക്ല എന്നയാളാണ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചത്. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംസ്ഥാനത്ത് കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധം ശക്തമാക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രവേശ് ശുക്ലയെ അറസ്റ്റു ചെയ്തിരുന്നു. ആദിവാസി വിഭാഗങ്ങള്‍ക്കെതിരായ അക്രമം, സാമൂദായിക ഐക്യം തകര്‍ക്കാനുള്ള ശ്രമം എന്നീ വകുപ്പുകളിലാണ് കേസ്. ഇയാളുടെ വീടിന്റെ ഒരുഭാഗം അനധികൃത നിര്‍മ്മാണമെന്ന് കാണിച്ച് പൊളിച്ചുമാറ്റുകയും ചെയ്തു. അതേസമയം, സിദ്ധി എംഎല്‍എയും ബിജെപി നേതാവ് കേദാര്‍നാഥ് ശുക്ലയുടെ സഹായിയാണ് പ്രതി എന്ന പ്രതിപക്ഷ ആരോപണം എംഎല്‍എ തള്ളി. പ്രവേശ് ശുക്ലയ്ക്ക് പാർട്ടിയുമായി ബന്ധമില്ല എന്നാണ് മധ്യപ്രദേശ് ബിജെപിയുടെയും പ്രതികരണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here