‘ഒന്നുകില്‍ പ്രതിയെ, അല്ലെങ്കില്‍ എന്നെ വെടിവയ്ക്കുക’; ആര്‍മി ഓഫീസര്‍മാര്‍ക്കൊപ്പം അക്രമത്തിനിരയായ യുവതി ഷോക്കില്‍

മധ്യപ്രദേശ് മോവില്‍ യുവ ആര്‍മി ഓഫീസര്‍മാര്‍ക്കൊപ്പം സഞ്ചരിക്കവേ ആക്രമിക്കപ്പെട്ട യുവതി ഷോക്കിലെന്ന് പോലീസ്. ഇതുവരെ മൊഴി നല്‍കാന്‍ യുവതി തയ്യാറായിട്ടില്ല. ‘ഒന്നുകില്‍ അവരെ കൊല്ലുക, അല്ലെങ്കില്‍ എന്നെ കൊല്ലുക’ ഇതാണ് യുവതി പറയുന്നത്. സമയമെടുത്ത് മൊഴി രേഖപ്പെടുത്താനുള്ള ഒരുക്കത്തിലാണ് പോലീസ്.

അതേസമയം സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തുവന്നിട്ടുണ്ട്. “ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രമസമാധാനനില അപകടത്തിലാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അനുദിനം വർധിക്കുമ്പോള്‍ നിഷേധാത്മക സമീപനമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.” രാഹുല്‍ പറഞ്ഞു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും പ്രതികരിച്ചിട്ടുണ്ട്. “ചില പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്, മറ്റുള്ളവരും ഉടന്‍ അറസ്റ്റിലാകും. സർക്കാർ വളരെ കർശനമാണ്. നിയമം അതിന്‍റെ വഴി സ്വീകരിക്കും.” – മുഖ്യമന്ത്രി പറഞ്ഞു.

യുവ ആര്‍മി ഓഫീസര്‍മാര്‍ക്കൊപ്പം പോകുമ്പോഴാണ് ഒരു സംഘം അക്രമികള്‍ കഴിഞ്ഞ ദിവസം ഇവര്‍ക്ക് നേരെ ആക്രമണം നടത്തി യുവതിയെ പീഡിപ്പിച്ചത്. 10 ലക്ഷം മോചനദ്രവ്യം വേണമെന്ന് പറഞ്ഞാണ് അക്രമികള്‍ യുവതിയെ ബന്ധിയാക്കിയത്. ആര്‍മി ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം പണം കൊണ്ടുവരുന്നത് വരെ യുവതി തങ്ങള്‍ക്കൊപ്പം നില്‍ക്കട്ടെ എന്നാണ് അക്രമികള്‍ പറഞ്ഞത്. ഈ സമയത്താണ് യുവതിയെ പീഡിപ്പിച്ചത്. വിനോദസഞ്ചാര കേന്ദ്രമായ ജാം ഗേറ്റിന് സമീപമാണ് അര്‍ധരാത്രി ആക്രമണം നടന്നത്. എട്ടോളം പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇവരുടെ കയ്യില്‍ വടിയും വാളുകളുമുണ്ടായിരുന്നു എന്നാണ് പരാതിയില്‍ ഉള്ളത്.

ആര്‍മി ഓഫീസര്‍മാരുടെ പരാതി പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്. അനിൽ, പവൻ, റിതേഷ് എന്നിവരാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. ഇവര്‍ക്കെല്ലാം ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. ഒരു ഫിനാൻസ് കമ്പനിയിലെ കളക്ഷൻ എക്‌സിക്യൂട്ടീവിനെ കൊള്ളയടിച്ചതിന് 2016ൽ മാൻപൂർ പോലീസ് അനിലിനെതിരെ കേസെടുത്തിരുന്നു. 2021 സെപ്തംബർ 28ന് മദ്യം പിടിച്ചതിനെ തുടര്‍ന്ന് പവനെതിരെ എക്സൈസ് കേസുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top