കണ്ണടച്ച് തുറക്കും മുന്‍പ് കോണ്‍സ്റ്റബിള്‍ കോടീശ്വരന്‍; റെയ്ഡില്‍ പിടിച്ചത് കോടികളും സ്വര്‍ണ ബാറുകളും; സൗരഭ് ശർമയെ തിരഞ്ഞ് പോലീസ്
ഗതാഗതവകുപ്പിലെ കോണ്‍സ്റ്റബിള്‍ ആയി ജോലി തുടങ്ങി വെറും ഏഴ് വര്‍ഷംകൊണ്ട് അതിസമ്പന്നനായ മാറിയ സൗരഭ് ശർമയെ കുറിച്ചുള്ള അന്വേഷണത്തിലാണ് മധ്യപ്രദേശ് പോലീസ്. അനധികൃത സ്വത്ത് സമ്പാദനകേസില്‍ അന്വേഷണം തുടങ്ങിയതിന് ശേഷം ഡയമണ്ട് ആഭരണങ്ങൾ, 200 കിലോ വെള്ളി ബാറുകൾ, ആഡംബര കാറുകൾ എന്നിവയുൾപ്പെടെ 7.9 കോടി രൂപയുടെ ആസ്തികളാണ് അധികൃതര്‍ ശര്‍മയില്‍ നിന്നും പിടിച്ചെടുത്തത്. ഓഫീസും താമസസ്ഥലവും പരിശോധിച്ചപ്പോള്‍ 30 ലക്ഷം രൂപയുടെ വീട്ടുപകരണങ്ങളും 1.72 കോടി രൂപയും 2.10 കോടി രൂപ വിലമതിക്കുന്ന 234 കിലോഗ്രാം വെള്ളിയും കണ്ടെത്തി.
ഒരു വര്‍ഷം മുന്‍പ് ഗതാഗത വകുപ്പിൽ നിന്ന് വോളണ്ടറി റിട്ടയർമെൻ്റ് (വിആർഎസ്) എടുത്ത ശർമ്മ പിന്നീട് റിയൽ എസ്റ്റേറ്റിലേക്കും ഹോസ്പിറ്റാലിറ്റി മേഖലകളിലുമാണ് പ്രവര്‍ത്തിച്ചത്. ശര്‍മ എവിടെ ഉണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് അറിയില്ല. അനധികൃത സ്വത്ത് സമ്പാദനത്തിന് ശർമ്മയ്‌ക്കെതിരെ കഴിഞ്ഞ ഡിസംബർ 18 ന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അന്വേഷണം നടക്കുമ്പോള്‍ വനമേഖലയിൽ ഉപേക്ഷിക്കപ്പെട്ട കാറിൽ നിന്ന് ആദായനികുതി വകുപ്പ് 52 കിലോ സ്വർണവും 9.86 കോടി രൂപയും കണ്ടെടുത്തു. ഈ കാര്‍ ചേതൻ സിംഗ് ഗൗറിന്റെ പേരിലുള്ളതാണ്. ഇയാള്‍ ശര്‍മയുടെ അടുത്ത സുഹൃത്താണ്. ശര്‍മയാണ് ഈ കാര്‍ ഉപയോഗിച്ചതെന്നാണ് ഗൗറിന്റെ പ്രതികരണം. ഇതോടെ അന്വേഷണം ശര്‍മയിലേക്ക് തന്നെ തിരിഞ്ഞു. ശര്‍മ ദുബായിലോ മുംബൈയിലോ ആണെന്നാണ് കുടുംബത്തിന്റെ പ്രതികരണം.
2016ൽ ആശ്രിത നിയമനത്തിലൂടെയാണ് ഗതാഗത വകുപ്പിൽ എത്തിയത്. ഗ്വാളിയോറിൽ പോസ്റ്റ് ചെയ്ത ശർമ അതിവേഗമാണ് സമ്പന്നന്‍ ആയി മാറിയത്. 2020-ഓടെ സംസ്ഥാനത്തെ അര ഡസൻ ചെക്ക്‌പോസ്റ്റുകളില്‍ ശര്‍മ സ്വാധീനം ചെലുത്തിയിരുന്നു. ഇപ്പോള്‍ ഇയാളുടെ ബിസിനസ് സാമ്രാജ്യത്തിന്റെ പൂര്‍ണവിവരങ്ങള്‍ കണ്ടെത്തി ശര്‍മയെ അകത്താക്കാനാണ് പോലീസ് നീക്കം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here