രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് ഒന്നിനുപിറകെ ഒന്നായി പണികൊടുത്ത് ബിജെപി സർക്കാരുകൾ; മതപരിവർത്തനത്തിന് വധശിക്ഷ വരുന്നു

മതപരിവർത്തനം നടത്തുന്നവർക്ക് വധശിക്ഷ നൽകാൻ കൊണ്ടുവരുന്ന നിയമഭേദഗതിയെ ഭയന്ന് ന്യൂനപക്ഷങ്ങൾ. ജനസംഖ്യയിൽ കേവലം രണ്ട് ശതമാനം മാത്രമുള്ള ക്രിസ്ത്യാനികളെ ലക്ഷ്യം വെച്ച് മധ്യപ്രദേശും തൊട്ടുപിന്നാലെ അരുണാചലും കൊണ്ടുവരുന്ന നിയമ നിർമ്മാണത്തെക്കുറിച്ച് എങ്ങനെ പ്രതികരിക്കുമെന്ന് അറിയാതെ ക്രൈസ്തവ സമൂഹം. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷ്കരുണം ചവിട്ടിമെതിക്കാൻ മധ്യപ്രദേശിലെ ബിജെപി സർക്കാർ തുനിഞ്ഞിറങ്ങിയിട്ടും പ്രതിപക്ഷ കക്ഷികളുടെ മൗനമാണ് ന്യൂനപക്ഷങ്ങളെ അമ്പരപ്പിക്കുന്നത്.

വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവവേട്ട തുടരുന്നതിൻ്റെ ചുവടുപിടിച്ച് ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കും അത് വ്യാപിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മധ്യപ്രദേശിൻ്റെ ചുവടുപിടിച്ച് അരുണാചൽ പ്രദേശിലും കടുത്ത വ്യവസ്ഥകൾ ഉൾപ്പെടുത്തി നിയമം നടപ്പാക്കാനാണ് പേമ ഖണ്ഡുവിൻ്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിൻ്റെ തീരുമാനം. ബലപ്രയോഗത്തിലൂടെയോ പ്രലോഭനത്തിലൂടെയോ വഞ്ചനാപരമായ മാർഗങ്ങളിലൂടെ മതപരിവർത്തനം തടയുന്നതാണ് അരുണാചലിലെ പുതിയ നിയമം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ നാഗലാൻഡ്, മിസോറം, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഗണ്യമായ ക്രൈസ്തവ ജനസംഖ്യയുണ്ട്.

ഇപ്പോൾ തന്നെ ഇതേ നിയമം നടപ്പാക്കിയിട്ടുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി നോക്കിയാലറിയാം നിയമത്തെ വളച്ചൊടിച്ച് നിരപരാധികളെ എങ്ങനെയെല്ലാം വേട്ടയാടാമെന്ന്. കേസ് റജിസ്റ്റർ ചെയ്യുന്നതിൽ തുടങ്ങി, വ്യാജ തെളിവുകളും സാക്ഷികളെയും ഹാജരാക്കി കോടതികളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ വരെ അതീവ ജാഗ്രതയോടെ പ്രവർത്തിക്കുന്ന സംവിധാനങ്ങൾ അവിടെയെല്ലാം പ്രവർത്തിക്കുന്നുണ്ട്. വൈദികരെയടക്കം ജാമ്യമില്ലാതെ ജയിലിലടച്ച് പീഡിപ്പിച്ചതിൻ്റെ അനുഭവങ്ങൾ പലത് പുറത്തുവന്നിട്ടുണ്ട്. ക്രിസ്ത്യാനികളെ ലക്ഷ്യം വെക്കുന്നതിന് പിന്നിൽ സംഘപരിവാറിന് കൃത്യമായ അജണ്ടയുണ്ടെന്ന് വ്യക്തമാണ്.

മറുവശത്ത് മുസ്ലീംവേട്ടയും സജീവമായി തുടരുന്നുണ്ട്. മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്‍റെ ശവകൂടീരം നീക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ നാഗ്പ്പൂരിൽ ദിവസങ്ങളായി സംഘപരിവാർ സംഘടനകൾ സംഘർഷം തുടരുകയാണ്. ഛത്രപതി സംഭാജി നഗറായി പ്രഖ്യാപിച്ച ഔറംഗബാദിലെ കുൽദാബാദിൽ സ്ഥിതിചെയ്യുന്ന ഈ സ്മാരകം നിലവിൽ ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ചരിത്ര സ്ഥാപനമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തിലും സ്ഥിതി ഒട്ടും മെച്ചമല്ല. ഗുജറാത്തിലെ തപി ജില്ലയിൽ ക്രൈസ്തവരായ അധ്യാപകർ മതംമാറ്റത്തിന് പ്രോത്സാഹനം നൽകുന്നുവെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി. ഇതിനെതിരെ ബിജെപിയുടെ ഏക ക്രിസ്ത്യൻ എംപി മോഹൻ കോകാനി രംഗത്ത് വന്നു. അരുണാചലിലും മധ്യപ്രദേശിലും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നിയമനിർമ്മാണത്തിന് എതിരെ ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ (All India Catholic Union) പ്രതിഷേധിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top