തേനി എംപി പി രവീന്ദ്രനാഥിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധു; അണ്ണാഡിഎംകെയ്ക്ക് ഇനി തമിഴ്‌നാട്ടില്‍ എംപിയില്ല
ചെന്നൈ: തേനി എംപി പി രവീന്ദ്രനാഥിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കി മദ്രാസ് ഹൈക്കോടതി. അണ്ണാഡിഎംകെയ്ക്ക് തമിഴ്‌നാട്ടിലുള്ള ഏക എംപി സ്ഥാനം ഇതോടെ നഷ്ടപ്പെട്ടു. നാമനിർദേശ പത്രികയില്‍ സ്വത്തുവിവരം മറച്ചുവച്ചെന്നതുള്‍പ്പടെയുള്ള പരാതിയിലാണ് കോടതി നടപടി. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന്റെ മകനാണ് ഒ പി രവീന്ദ്രനാഥ്.
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 76,319 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു പി രവീന്ദ്രനാഥിന്റെ വിജയം. എന്നാല്‍, ഈ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് തേനി ലോക്‌സഭാ മണ്ഡല വോട്ടറായ മിലാനി എന്ന വ്യക്തിയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. നാമനിര്‍ദ്ദേശ പത്രികയില്‍ സ്വത്തുവിവരങ്ങള്‍ മറച്ചപവച്ചു, തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചു, അധികാര ദുര്‍വിനിയോഗം നടത്തി തുടങ്ങിയ ആരോപണങ്ങളാണ് ഹര്‍ജിക്കാരന്‍ ഉയര്‍ത്തിയത്.
ആരോപണങ്ങള്‍ തള്ളിയ രവീന്ദ്രനാഥ് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി ഈ ഹര്‍ജി തള്ളി. തെരഞ്ഞെടുപ്പ് അസാധുവാക്കിയെങ്കിലും വിധി പ്രാബല്യത്തില്‍ വരുത്തുന്നതിന് 30 ദിവസം സമയം കോടതി അനുവദിച്ചിട്ടുണ്ട്. ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാനാവശ്യപ്പെട്ടുള്ള രവീന്ദ്രനാഥിന്റെ അപേക്ഷ അംഗീകരിച്ചുകൊണ്ടാണ് നടപടി. ഹര്‍ജിക്കാരന് പുറമെ, മറ്റ് സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തി സാക്ഷിവിസ്താരം പൂര്‍ത്തിയാക്കിയാണ് ജസ്റ്റിസ് എസ് എസ് സുന്ദര്‍ വിധി പ്രസ്താവിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here