സിഎസ്ഐ സിനഡിനെ പുറത്താക്കി മദ്രാസ് ഹൈക്കോടതി; സഭാഭരണം അഡ്മിനിസ്ട്രേറ്റർക്ക് കൈമാറാന്‍ ഉത്തരവ്; തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികളെയും അയോഗ്യരാക്കി വിധി
ചെന്നൈ: സിഎസ്ഐ സിനഡിനെ പുറത്താക്കി മദ്രാസ് ഹൈക്കോടതി. 2023 ജനുവരിയിലെ തിരഞ്ഞെടുപ്പ് പൂര്‍ണ്ണമായി റദ്ദാക്കി സഭാഭരണം അഡ്മിനിസ്ട്രേറ്റർക്ക് കൈമാറാനാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. സിഎസ്ഐ സിനഡിലെ വിരമിക്കൽ പ്രായം 67 ൽ നിന്ന് 70 ആക്കി ഭരണഘടനാ ഭേദഗതിയിലൂടെ മാറ്റിയതിനുശേഷം, 2023 ജനുവരിയില്‍ മോഡറേറ്റര്‍ തിരഞ്ഞെടുപ്പ് നടന്നിരുന്നു. ബിഷപ്പ് ധർമരാജ് റസാലം ആണ് മോഡറേറ്റര്‍ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇതിനെതിരെ സംയുക്ത സമരസമിതി നല്‍കിയ ഹര്‍ജികള്‍ കഴിഞ്ഞ ജൂലൈയില്‍ കോടതി ഉത്തരവ് നല്‍കുകയും ധർമരാജ് റസാലത്തെ അയോഗ്യനാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അന്ന് തിരഞ്ഞെടുത്ത മറ്റ് ഭാരവാഹികളുടെ കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. ഇക്കാര്യം ആവശ്യപ്പെട്ടാണ് സംയുക്ത സമരസമിതി മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്. ഇതേതുടര്‍ന്നാണ് സിനഡിനെ പൂര്‍ണ്ണമായി പുറത്താക്കിയ വിധി വന്നത്. കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികളും അയോഗ്യരായിരിക്കുകയാണ്.
സഭാഭരണം പൂര്‍ണ്ണമായി അഡ്മിനിസ്ട്രേറ്റർമാരെ ഏല്‍പ്പിക്കാനാണ് കോടതി നിര്‍ദേശം. മദ്രാസ് ഹൈക്കോടതിയിലെ വിരമിച്ച രണ്ട് ജഡ്ജിമാര്‍ക്കാണ് ഭരണം താത്കാലികമായി കൈമാറിയിരിക്കുന്നത്. എത്രയും വേഗം ഇവരുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനും കോടതി നിര്‍ദേശിച്ചു. ഇതോടെ ധർമരാജ് റസാലത്തിനും അദ്ദേഹത്തെ പിന്തുണച്ചവര്‍ക്കും തിരിച്ചടിയായിരിക്കുകയാണ്. അദ്ദേഹത്തോടൊപ്പം ചുമതലയില്‍ ഉണ്ടായിരുന്ന ഡെപ്യുട്ടി മോഡറേറ്റര്‍, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ക്കും പദവികള്‍ നഷ്ടമായി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here