ഒക്ടോബറില്‍ ഷോ ചെയ്യുമെന്ന് മജീഷ്യന്‍ മുതുകാട്; മാജിക്കില്‍ വീണ്ടും സജീവമാകും; വഴങ്ങിയത് സ്നേഹപൂര്‍വമുള്ള മന്ത്രിയുടെ അഭ്യര്‍ത്ഥനയ്ക്ക് മുന്നില്‍
മാജിക്കിന്റെ വെള്ളിവെളിച്ചത്തില്‍ നിന്ന് അകന്ന് നില്‍ക്കുകയായിരുന്ന മജീഷ്യന്‍ ഗോപിനാഥ് മുതുകാട് വീണ്ടും മാജിക്കിലേക്ക് തിരികെ എത്തുന്നു. തീര്‍ത്തും അപ്രതീക്ഷിതമായി വൈകാരികമായി പ്രതികരിച്ച് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ രംഗത്ത് എത്തിയതോടെയാണ് മുതുകാടിന് മനംമാറ്റം വന്നത്. കഴക്കൂട്ടം ഡിഫറന്റ് ആർട്ട് സെന്ററിൽ നടന്ന ചടങ്ങിനിടെ മുതുകാടിനോട് തിരിച്ച് വരാന്‍ അഭ്യര്‍ത്ഥിക്കുകയും മന്ത്രി എന്ന നിലയില്‍ ഔദ്യോഗികമായി കത്ത് നല്‍കുകയും ചെയ്തതോടെയാണ് മുതുകാട് തീരുമാനം മാറ്റിയത്. മാജിക്കിലേക്ക് മടങ്ങി എത്തണമെന്ന് തീരുമാനിച്ചിരുന്നില്ല. ഓഫീസില്‍ നിന്നും കത്ത് തയ്യാറാക്കിയാണ് മന്ത്രി വന്നത്. സ്നേഹപൂര്‍വമുള്ള മന്ത്രിയുടെ അഭ്യര്‍ത്ഥനയ്ക്ക് നോ പറയാന്‍ കഴിയുമായിരുന്നില്ല-വീണ്ടും മാജിക്കിലേക്ക് തിരിച്ചുവന്നതിനെക്കുറിച്ച് മുതുകാട് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
“പ്രൊഫഷണലായിട്ട് വരുന്നില്ല. ഞാന്‍ ഒരു പ്രോഗ്രാം ചെയ്യാന്‍ വിചാരിക്കുന്നു. ഒക്ടോബറില്‍ ഷോ ചെയ്യണം എന്നാണ് കരുതുന്നത്. സ്ഥലം തീരുമാനിച്ചിട്ടില്ല. ബോധവത്കരണവുമായി ബന്ധപ്പെട്ട് കുറച്ചുകൂടി മാജിക്കില്‍ ശ്രദ്ധിക്കണം എന്ന് വിചാരിക്കുന്നു. എനിക്ക് ഡിഫറന്റ് ആർട്ട് സെന്ററിന്റെ പ്രവർത്തനങ്ങളിൽ സജീവമാകേണ്ടതുണ്ട്. പക്ഷെ മാജിക്കിലും ശ്രദ്ധയൂന്നും. മാജിക് ഇല്ലാതായിപ്പോയി എന്നാണ് മന്ത്രി പറഞ്ഞത്. ജനകീയ കല അസ്തമിക്കരുത് എന്നുള്ള അഭ്യര്‍ത്ഥനയും നടത്തി.”
“വലിയ രീതിയില്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്താലേഒരു ഷോ വിജയിപ്പിക്കാന്‍ കഴിയൂ. പുതിയ അത്ഭുതങ്ങള്‍ കണ്ടെത്തണം. മാജിക് മാത്രമല്ല സര്‍ക്കസും ഇല്ലാതായി പോയില്ലേ… മറ്റുള്ള രാജ്യങ്ങളില്‍ പോപ്പുലര്‍ ആയി മുന്നേറുമ്പോഴാണ് ഇന്ത്യയില്‍ മാജിക് തളരുന്നത്. കഠിനപരിശ്രമം ചെയ്യുന്നവര്‍ മാജിക്കില്‍ കുറവാണ്. അതുകൊണ്ടാകണം ഇന്ത്യയില്‍ മാജിക്കിന് ക്ഷീണം സംഭവിക്കുന്നത്. മാനവീയം വീഥിയില്‍ മാജിക് തുടങ്ങുന്ന കാര്യത്തില്‍ സര്‍ക്കാരുമായി ആലോചന നടത്തും.” – മുതുകാട് പറഞ്ഞു
“മാജിക് എന്ന കലയെ ജനകീയമാക്കി മാറ്റിയത് താങ്കളാണ്. മാജിക് ഉപേക്ഷിക്കരുത്. ആ തീരുമാനം വ്യക്തിപരമായി വിഷമുണ്ടാക്കി. മലയാളികളുടെ പ്രിയപ്പെട്ട മജീഷ്യനായി ഉണ്ടാകണം.” ഈ അഭ്യര്‍ത്ഥന നടത്തിയ ശേഷമാണ് മന്ത്രി കത്ത് മുതുകാടിന് കൈമാറിയത്. “മാജിക് എന്ന കലയെ ജനകീയമാക്കിയ താങ്കളോട് കേരളത്തിലെ ജനങ്ങള്‍ക്ക് ആരാധനയുണ്ട്. അവരിലൊരാളാണ് ഞാനും. മലയാളിക്ക് മാജിക് എന്നാല്‍ ഗോപിനാഥ് മുതുകാട് ആണ്. താങ്കള്‍ മാജിക്കില്‍ നിന്നും പിന്മാറുന്നു എന്ന് കേട്ടപ്പോള്‍ എനിക്കും വ്യക്തിപരമായ വിഷമം തോന്നി. ജീവകാരുണ്യ മേഖലകളില്‍ സംഭാവന നല്‍കാന്‍ താങ്കള്‍ക്ക് കഴിയും. അത് മാജിക് എന്ന കലയില്‍ നിന്നും പിന്മാറിക്കൊണ്ട് ആകരുത്.” – മന്ത്രി കത്തില്‍ പറഞ്ഞു.
ഭിന്നശേഷി കുട്ടികൾക്കായി സ്ഥാപിച്ച ഡിഫറന്റ് ആർട്ട് സെന്ററിന്റെ പ്രവർത്തനങ്ങളിൽ സജീവമാകുന്നതിനായിരുന്നു ഗോപിനാഥ് മുതുകാട് മാജിക് ഉപേക്ഷിച്ചത്. രണ്ടര വർഷം മുന്‍പ്, 2021 നവംബറിലാണ് മാജിക്കിനെ സ്നേഹിച്ചവരെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. അപ്രതീക്ഷിതമായി തന്നെ ഈ പ്രഖ്യാപനമാണ് അദ്ദേഹം തിരുത്തുന്നതും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here