കേജ്‌രിവാളിനെതിരെ മൊഴി നല്‍കിയ മാപ്പുസാക്ഷിയുടെ പിതാവിന് ബിജെപി വക ലോക്സഭാ സീറ്റ്; മഗുന്ദ ശ്രീനിവാസലു റെഡ്ഡി ആന്ധ്ര ഓങ്കോളെയിൽ നിന്ന് മത്സരിക്കും

അമരാവതി: മദ്യനയ അഴിമതിക്കേസില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ നിര്‍ണായക മൊഴി നല്‍കിയ മദ്യനയ അഴിമതിക്കേസ് പ്രതി രാഘവ് മുഗുന്ദ റെഡ്ഡിയുടെ പിതാവിന് ബിജെപി വക ലോക്സഭാ സീറ്റ്. ആന്ധ്രപ്രദേശിൽ എന്‍ഡിഎ സംഖ്യ കക്ഷിയായ തെലുഗുദേശം പാർട്ടിയുടെ (ടിഡിപി) ബാനറിലാണ് മഗുന്ദ ശ്രീനിവാസലു റെഡ്ഡി മത്സരിക്കുക. ഓങ്കോളെയിൽ നിന്നാണ് ജനവിധി തേടുക.

ഫെബ്രുവരി 28നാണ് വൈഎസ്ആർ കോൺഗ്രസ് വിട്ട് റെഡ്ഡി ടിഡിപിയിൽ ചേർന്നത്. 2023 ഫെബ്രുവരിയിലാണ് മദ്യനയ അഴിമതിക്കേസിൽ രാഘവ് മുഗുന്ദ റെഡ്ഡിയെ അറസ്റ്റ് ചെയ്തത്. മാപ്പുസാക്ഷിയായി മാറിയതോടെ 2023 ഒക്ടോബറിൽ ജാമ്യം ലഭിക്കുകയും ചെയ്തു.

മുഗുന്ദ റെഡ്ഡി ഓങ്കോളെയിൽ നിന്ന് നാലുതവണ എം.പിയായിട്ടുണ്ട്. ഇത്തവണ മകനെ ഇവിടെ നിന്ന് മത്സരിപ്പിക്കണമെന്നായിരുന്നു റെഡ്ഡിയുടെ ആഗ്രഹം. എന്നാൽ മദ്യനയ കേസിൽ പ്രതിയായതോടെ ആഗ്രഹത്തിന് തിരിച്ചടി നേരിട്ടു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ, ബിആർഎസ് നേതാവ് കെ.കവിത തുടങ്ങിയവര്‍ നടത്തിയ ഗൂഢാലോചനയാണ് ഡല്‍ഹി മദ്യനയ അഴിമതിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം.

വ്യവസായികളായ ശരത് റെഡ്ഡി, മഗുന്ദ ശ്രീനിവാസലു റെഡ്ഡി, കെ.കവിത എന്നിവരടങ്ങുന്ന സൗത്ത് ഗ്രൂപ്പിന് 2021-22ലെ ഡല്‍ഹിയിലെ പുതിയ മദ്യനയം അനുസരിച്ച് ആകെയുള്ള 32 സോണുകളില്‍ ഒമ്പതെണ്ണം ലഭിച്ചു. ഈ ഇടപാടില്‍ നിന്നും 100 കോടി രൂപ എഎപിക്കു ലഭിച്ചുവെന്നാണ് ഇഡിയുടെ ആരോപണം. ഈ കേസിലാണ് കേജ്‌രിവാളും മനീഷ് സിസോദിയയും അടക്കമുള്ള എഎപി നേതാക്കള്‍ അറസ്റ്റിലാകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top