ഇടഞ്ഞ് പവാറും; നഗരസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാന്‍ എന്‍സിപി; മഹാ വികാസ് അഘാ‍ഡിയില്‍ ഭിന്നത

മുംബൈ തദ്ദേശ തെരഞ്ഞെടുപ്പിൽ എന്‍സിപി ഒറ്റയ്ക്ക് മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാർ. മഹാ വികാസ് അഘാഡിയിൽ (എംവിഎ) വിള്ളലുണ്ടെന്ന് സൂചന നല്‍കുകയാണ് പവാറിന്റെ പരാമര്‍ശം. ദേശീയ തലത്തിലുള്ള തെരഞ്ഞെടുപ്പുകൾക്ക് മാത്രമാണ് ഇന്ത്യ ബ്ലോക്ക് രൂപീകരിച്ചതെന്നും പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ ഒന്നിച്ചുള്ള മത്സരം ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പവാറിൻ്റെ പരാമർശം. “മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ എട്ട്-പത്ത് ദിവസത്തിനുള്ളിൽ യോഗം ചേർന്ന് ഒരുമിച്ച് മത്സരിക്കണോ ഒറ്റയ്ക്ക് മത്സരിക്കണോ എന്ന് തീരുമാനിക്കും. സഖ്യത്തിനുള്ളിൽ ഞങ്ങള്‍ ചര്‍ച്ച ചെയ്യും.” – പവാർ പറഞ്ഞു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ അരവിന്ദ് കേജ്‌രിവാളിനെ പിന്തുണയ്ക്കാന്‍ പദ്ധതിയുണ്ടെന്നും പവാര്‍ പറഞ്ഞു.

സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് നിന്നിട്ടും നിറംകെട്ട പ്രകടനമാണ് എംവിഎ നടത്തിയത്. 46 സീറ്റുകള്‍ മാത്രമാണ് സഖ്യം നേടിയത്. 20 ശിവസേന (യുബിടി), 16 കോൺഗ്രസ്, 10 എൻസിപി എന്നിങ്ങനെയാണ് സീറ്റ് നില. ശരദ് പവാര്‍-അജിത്ത് പവര്‍ വിഭാഗങ്ങള്‍ വീണ്ടും യോജിച്ചേക്കും എന്നും അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ശരദ് പവാര്‍ ആർഎസ്എസിനെ പുകഴ്ത്തിയതും ശ്രദ്ധേയമായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top