ഒടുവിൽ മഹാകുംഭമേളയില്‍ മരിച്ചവരുടെ വിവരങ്ങൾ പുറത്ത് വിട്ടു; നടപടി യുപി സർക്കാർ ഒളിച്ചു കളിക്കുന്നു എന്ന ആരോപണത്തെ തുടർന്ന്
പ്രയാഗ്‌രാജിലെ മഹാകുംഭമേളക്കിടയിൽ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടേയും പരുക്കേറ്റവരുടേയും പേര് വിവരങ്ങൾ ഔദ്യോഗികമായി പുറത്ത് വിട്ടു. അമാവാസി ദിനത്തിലെ അമൃത് സ്നാത്തിന് എത്തിയവരാണ് മരിച്ചത്
30 പേർ മരിക്കുകയും 60ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തതായിട്ടാണ് അല്പം മുമ്പ് യുപി സർക്കാർ പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നത്.
ഇന്ന് പുലർച്ചെ ഒന്നിനും രണ്ടിനും ഇടയിലാണ് അപകടം നടന്നത്. മരിച്ച 25 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബാക്കിയുള്ള അഞ്ച് പേരുടെ വിവരങ്ങൾ കണ്ടെത്താനായിട്ടുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മഹാകുംഭമേളയുടെ ചുമതലയുള്ള ഡിഐജി വൈഭവ് കൃഷ്ണ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മരിച്ചവരുടെ പേര് വിവരങ്ങൾ പുറത്ത് വിടാത്ത സർക്കാർ നടപടിക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. വിഐപികൾക്ക് വേണ്ടി നടത്തിയ ക്രമീകരണമാണ് അപകടത്തിന് ഇടയാക്കിയത് എന്നായിരുന്നു പ്രതിപക്ഷ പാർട്ടികൾ അടക്കം ആക്ഷേപം ഉന്നയിച്ചിരുന്നത്. മരണസംഖ്യ വളരെ കൂടുതലായതിനാലാണ് പുറത്ത് വിടാത്തത് എന്ന രീതിയിലും വിമർശനമുയർന്നതോടെയാണ് ഔദ്യോഗികമായി വിവരം പുറത്തു വിടാൻ സർക്കാർ തയ്യാറായിരിക്കുന്നത്.
മൗനി അമാവാസിയിലെ അമൃത് സ്‌നാന്‍ മഹാ കുംഭമേളയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ്. ഈ ചടങ്ങിന് പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ എത്തിയതാണ് അപകടത്തിന് കാരണമായത്. 144 വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന ‘ത്രിവേണി യോഗ്’ എന്നറിയപ്പെടുന്ന അപൂര്‍വ ആകാശ വിന്യാസം കൂടി സംഭവിക്കുന്നതിനാല്‍ ചടങ്ങിന് ഭക്തര്‍ക്കിടയില്‍ വലിയ ആത്മീയ പ്രാധാന്യമുണ്ട്. ‘സന്യാസി, ബൈരാഗി, ഉദസീന്‍’ എന്നീ മൂന്ന് വിഭാഗങ്ങളില്‍പ്പെട്ട അഖാരകരുടെ സംഘം ഘോഷയാത്രയായി എത്തി ഒരു നിശ്ചിത ക്രമത്തില്‍ ഗംഗയില്‍ സ്‌നാനം നടത്തുന്നതാണ് ചടങ്ങ്.
പ്രയാഗ്‌രാജിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആളുകൾ അവരുടെ അടുത്തുള്ള ഗംഗ നദിയിൽ സ്നാനം ചെയ്യണമെന്നും സംഗമ സ്ഥാനത്ത് എത്താൻ ശ്രമിക്കരുതെന്നും ആദിത്യനാഥ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ എന്നിവർ രാവിലെ തന്നെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here