പീച്ചി ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി; അപകടത്തില്‍ പെട്ടത് മഹാരാജാസ് കോളജില്‍ നിന്നും ഇന്റേൺഷിപ്പിന് എത്തിയ സംഘത്തിലെ അംഗം; ഇന്ന് തിരച്ചില്‍ പുനരാരംഭിക്കും
പീച്ചി: പീച്ചി ഡാം റിസർവോയറിൽ കുളിക്കാനിറങ്ങിയ മലപ്പുറം സ്വദേശിയെ കാണാതായി. താനൂർ ചീരംകുളങ്ങര മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് യഹിയ (25)യെ ആണ് കാണാതായത്. എറണാകുളം മഹാരാജാസ് കോളജിലെ എംഎസ്‌സി ബോട്ടണി വിദ്യാർഥിയാണ്. എസ്എഫ്ഐ കോളജ് യൂണിറ്റ് സെക്രട്ടറിയാണ് യഹിയ. നാല് സുഹൃത്തുക്കൾക്കൊപ്പം റിസർവോയറിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം. കോളജിൽ നിന്നുള്ള 12 അംഗ സംഘം കേരള വന ഗവേഷണ കേന്ദ്രത്തിൽ ഇന്റേൺഷിപ്പിന് എത്തിയതായിരുന്നു.
യഹിയ മുങ്ങിയ ഉടൻ സമീപത്തുണ്ടായിരുന്ന നാട്ടുകാരിൽ ചിലർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുട്ടായതോടെ ശ്രമം ഉപേക്ഷിച്ചു. പീച്ചി പൊലീസും ചാലക്കുടി, പുതുക്കാട്, തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളും രാത്രി തിരച്ചിൽ നടത്തി. വനം ഉദ്യോഗസ്ഥരും വാച്ചർമാരും മത്സ്യബന്ധന തൊഴിലാളികളും സ്കൂബ ടീമും നാട്ടുകാരും തിരച്ചിലിൽ പങ്കെടുത്തു. രാത്രി വൈകിയതോടെ തിരച്ചിൽ നിർത്തി. പുലർച്ചെ വീണ്ടും തുടരും.
സമീപത്ത് വനം വകുപ്പിന്റെ ബോട്ട് ഉണ്ടായിരുന്നെങ്കിലും ഡ്രൈവർ ഇല്ലായിരുന്നു. ഇതും തിരച്ചില്‍ തുടങ്ങാന്‍ വൈകുന്നതിന് ഇടയാക്കി. സംഭവമറിഞ്ഞ് റവന്യൂ മന്ത്രി കെ.രാജനും ഗ്രാമ പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു. .
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here