മോദി ക്ഷേത്രം പണിത പ്രവര്‍ത്തകന്‍ വരെ പാർട്ടി വിട്ടു; മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ബിജെപിക്ക് അഗ്നിപരീക്ഷ

മഹാരാഷ്ട്രയില്‍ ഭരണത്തില്‍ തുടരുന്നുണ്ടെങ്കിലും മഹായുതി സഖ്യം വീണ്ടും അധികാരത്തില്‍ വരുമോ എന്ന കാര്യത്തില്‍ എന്‍ഡിഎയ്ക്കുള്ളില്‍ തന്നെ സംശയം നിലനില്‍ക്കുകയാണ്. ശക്തമായ ഭരണവിരുദ്ധ വികാരമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാ വികാസ് അഘാഡി വലിയ മുന്നേറ്റം കാഴ്ചവെച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര.

ആകെയുള്ള 48 സീറ്റില്‍ 17 സീറ്റില്‍ മാത്രമാണ് മഹായുതിക്ക് ജയിക്കാനായത്. ഇത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സൂചനയാണെന്ന അഭിപ്രായം തള്ളിക്കളയാന്‍ ബിജെപി നേതാക്കള്‍ തയ്യാറല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മറാഠാ വികാരം മഹാ വികാസ് അഘാഡിക്ക് അനുകൂലമായാണ് വീശിയത്. മഹാരാഷ്ട്ര നിയമസഭയില്‍ 288 സീറ്റാണ് ഉള്ളത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 150 മുതല്‍ 155 സീറ്റുകളില്‍ മത്സരിക്കാനാണ് സാധ്യത. ശിവസേന 90-95 സീറ്റുകളിലും എന്‍സിപി 40-45 സീറ്റുകളിലും മത്സരിക്കും.

വലിയ പടലപിണക്കങ്ങളാണ് ബിജെപിയുടെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഉയരുന്നത്. നേതാക്കളും അണികളും പാര്‍ട്ടി വിടുന്നതും തുടര്‍ക്കഥയാണ്. ശിവാജിനഗർ എംഎൽഎ സിദ്ധാർത്ഥ് ഷിറോലിനെതിരെ ശബ്ദമുയര്‍ത്തിയാണ് മോദിക്കായി ക്ഷേത്രം പണിത മയൂർ മുണ്ഡെ പാർട്ടി വിട്ടത്. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത് ബിജെപിക്ക് തിരിച്ചടിയായി.

പാർട്ടിയിൽ നിന്ന് കടുത്ത അവ​ഗണനയും അപമാനവും നേരിടുന്നതായാണ് പൂനെ അന്ധ് മേഖലയിലെ മയൂർ മുണ്ഡെ ചൂണ്ടിക്കാട്ടിയത്. എംഎൽഎമാർ പിന്തുണ വർധിപ്പിക്കാൻ ഭാരവാഹികളെ നിയമിക്കുന്നതായും മറ്റ് പാർട്ടികളിൽ നിന്നുള്ളവർക്ക് വിവിധ പദവികൾ നൽകുന്നതായും അദ്ദേഹം ആരോപിച്ചു. “പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവെക്കുകയാണ്. ഞാന്‍ പ്രധാനമന്ത്രി മോദിയുടെ ഉറച്ച അനുയായിയാണ്. അദ്ദേഹത്തിനായി പ്രവർത്തിച്ചു. പക്ഷേ ഞങ്ങളെപ്പോലുള്ളവർക്ക് പാർട്ടിയിൽ സ്ഥാനമില്ല, അതിനാൽ പാർട്ടി വിടുന്നു.” മുണ്ഡെ പറഞ്ഞു.

മിക്ക ബിജെപി എംഎല്‍എമാരും അതാത് മണ്ഡലങ്ങളില്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. എംഎല്‍എമാര്‍ സ്ഥാനാര്‍ഥി പട്ടിക അട്ടിമറിക്കുകയാണ് എന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ ആരോപണമുണ്ട്. കൊത്രൂഡിലെയും ഖഡക്‌വാസലയിലെയും ബിജെപി സിറ്റിംഗ് എംഎൽഎമാർക്കെതിരെ ഈ ആരോപണം ശക്തമാണ്.

ബിജെപി നേതാവും മുൻ മന്ത്രിയുമായ ഹർഷവർദ്ധൻ പാട്ടീൽ ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി(എസ്പി)യിലേക്ക് മാറുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ദാപൂരിൽ നിന്ന് പവാര്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. നാല് തവണ മണ്ഡലത്തെ അദ്ദേഹം പ്രതിനിധീകരിച്ചിട്ടുണ്ട്. ശിവസേന ഷിന്‍ഡേ വിഭാഗവും എന്‍സിപിയുമൊക്കെ സമാന വെല്ലുവിളികളാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നും നേരിടുന്നത്. ഇതെല്ലാം മഹായുതി സഖ്യത്തിന്റെ ശോഭ കെടുത്തുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top