മുന്നണികള്‍ക്ക് വിമതർ വില്ലൻമാരാകുമ്പോൾ… കോൺഗ്രസ് പ്രതിസന്ധി തരണം ചെയ്തതെന്ന് ചെന്നിത്തലയുടെ അവകാശവാദം
മഹാരാഷ്ട്രയിൽ കോൺഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിയാന തിരഞ്ഞെടുപ്പിൽ സംഭവിച്ച പരാജയത്തിൽ നിന്ന് പാർട്ടി പാഠങ്ങൾ പഠിച്ചു. ഹരിയാനയിലെ അവസ്ഥയല്ല മഹാരാഷട്രയിലേത്. വിമത ശല്യം പാടെ ഒഴിവാക്കി. പാർട്ടിക്കുള്ളിൽ ഒരിക്കലുമില്ലാത്ത ഐക്യം പുനസ്ഥാപിക്കാനും കഴിഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസിന് അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. മഹാരാഷ്ട നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ചുമതലയുള്ള വർക്കിംഗ് കമ്മറ്റി അംഗമാണ് രമേശ് ചെന്നിത്തല.
കോൺഗ്രസ് നേതൃത്വം നല്കുന്ന മഹാ വികാസ് അഘാഡിയിൽ (എംവിഎ) വിമതശല്യം രൂക്ഷമാണെന്ന വാർത്തകളെ ചെന്നിത്തല തള്ളി. മഹാരാഷ്ട്രയിലെ 288 നിയമസഭ സിറ്റിൽ 8000 ത്തിലധികം സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ഇവിടെ മത്സരിക്കുന്ന പ്രധാന കക്ഷികളെല്ലാം തന്നെ രണ്ടും മൂന്നും നാലുമായി പിളർന്നിട്ടുണ്ട്. അതാണ് വിമതശല്യം കൂടാൻ കാരണമെന്ന് ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് സഖ്യം വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന് ചെന്നിത്തല പ്രതീക്ഷ പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പിനു ശേഷം ഘടക കക്ഷികൾ ഒരുമിച്ചിരുന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം മഹാരാഷ്ട്രയിൽ വിമതശല്യമായിരുന്നു ഭരണ -പ്രതിപക്ഷ സഖ്യങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി. ഇരുമുന്നണികളിലും ആയി 60ലധികം വിമതരാണ് പത്രിക സമർപ്പിച്ചിരുന്നത്. എന്നാൽ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിയിൽ നിന്ന് 21 വിമതരും ഭരണകക്ഷി സഖ്യമായ മഹായുതി സഖ്യത്തിൽ നിന്ന് 24 വിമതരും പത്രിക പിൻവലിച്ചിരുന്നു. ഇത് മുന്നണികൾക്ക് നേരിയ ആശ്വാസം പകരുന്നതാണെങ്കിലും ചില മണ്ഡലങ്ങളിൽ വിമതരുടെ സാന്നിധ്യം പാർട്ടികൾക്ക് വെല്ലുവിളിയായി തുടരുകയാണ്. ഈ മാസം 20നാണ് മഹാരാഷ്ട്രയിൽ വോട്ടെടുപ്പ്. 23നാണ് വോട്ടെണ്ണൽ.
Also Read :മഹാരാഷ്ട്രയിൽ കച്ചമുറുക്കി ഇൻഡ്യ സഖ്യം; കോൺഗ്രസ്- എൻസിപി-ശിവസേന സീറ്റ് വിഭജനം പൂർത്തിയായി
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here