മഹാരാഷ്ട്ര മന്ത്രിസഭാ വികസനം; അജിത് പവാറിന് ധനകാര്യം

മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭാ വികസനത്തില്‍ ഉപമുഖ്യമന്ത്രി അജിത് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍സിപി വിഭാഗത്തിന് ധനകാര്യമടക്കം ഒന്‍പത് സുപ്രധാന വകുപ്പുകള്‍. അജിത് പവാറും എട്ട് എംഎല്‍എമാരും ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിൽ പ്രതിജ്ഞ ചെയ്ത് രണ്ടാഴ്ച പിന്നിട്ടതിന് പിന്നാലെയാണ് സീറ്റ് വിഭജനം സംബന്ധിച്ച് തീരുമാനമുണ്ടായിരിക്കുന്നത്.

അജിത് പവാറാകും ധനകാര്യവകുപ്പ് കെെകാര്യം ചെയ്യുക. ഇതിനുപുറമെ ആസൂത്രണം, ഭക്ഷ്യ – സിവില്‍ സപ്ലൈസ്, സഹകരണം, വനിതാ – ശിശു വികസനം, കൃഷി, ദുരന്തനിവാരണം-പുനരധിവാസം, മെഡിക്കല്‍, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളാവും അജിത് പവാര്‍ വിഭാഗത്തിന് ലഭിക്കുകയെന്ന് ഒദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ടുചെയ്യുന്നു. ഗവര്‍ണര്‍ ലിസ്റ്റ് അംഗീകരിച്ചുകഴിഞ്ഞാല്‍ തുടര്‍നടപടികള്‍ക്കായി ചീഫ് സെക്രട്ടറിക്ക് കൈമാറും. 9 എൻസിപി മന്ത്രിമാരെ ഉൾപ്പെടുത്തുന്നതോടെ മഹാരാഷ്ട്രയിൽ 29 ക്യാബിനറ്റ് മന്ത്രിമാരാകും.

ധനഞ്ജയ് മുണ്ടേക്ക് കൃഷി വകുപ്പും, മെഡിക്കല്‍-വിദ്യാഭ്യാസ വകുപ്പുകള്‍ ഹസന്‍ മുഷ്‌രിഫിനും നല്‍കി. ഫുഡ് ആന്‍ഡ് സിവില്‍ സപ്ലെയുടെ ചുമതല ഛഗന്‍ ഭുജ്ബല്‍ വഹിക്കും. അനിൽ പാട്ടീല്‍ ദുരിതാശ്വാസ, പുനരധിവാസ വകുപ്പ്, ദര്‍മാരോ അത്റാം ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും, സഞ്ജയ് ബൻസോഡെ സ്‌പോർട്‌സ് വകുപ്പും കൈകാര്യം ചെയ്യും. അദിതി സുനിൽ തത്കരെ ശിശു ക്ഷേമ വകുപ്പ് വഹിക്കുന്നതോടെ ആദ്യമായി ഒരു വനിതാ എംഎൽഎയ്ക്ക് ഷിൻഡെ സർക്കാരിൽ കാബിനറ്റ് മന്ത്രിസ്ഥാനം ലഭിക്കും.

ഇക്കഴിഞ്ഞ ജൂലൈ രണ്ടിനാണ് എന്‍സിപി പിളര്‍ത്തി അജിത് പവാറും 8 എംഎല്‍എമാരും അടങ്ങുന്ന വിമതപക്ഷം ഷിന്‍ഡെ സര്‍ക്കാരിലെത്തിയത്. എന്നാല്‍ സീറ്റ് വിഭജനത്തില്‍ ഷിന്‍ഡെയുടെ നേതൃത്വത്തിലുളള ശിവസേന വിമത പക്ഷവുമായി തർക്കം നിലനിന്നിരുന്നു എന്നും ഇതാണ് മന്ത്രിസഭാവികസനത്തിന് കാലതാമസമുണ്ടായതിന് കാരണമെന്നുമായിരുന്നു റിപ്പോർട്ടുകള്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here