ബിജെപി മുന്നണിയില്‍ ചേര്‍ന്നതോടെ അജിത്‌ പവാര്‍ പരിശുദ്ധനായി; 25,000 കോടിയുടെ അഴിമതിക്കേസ് പിന്‍വലിക്കുന്നു

മുംബൈ: ബിജെപി സഖ്യത്തില്‍ ചേര്‍ന്നതിനു പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്‌ പവാറിനെതിരായ 25,000 കോടിയുടെ വായ്പാത്തട്ടിപ്പ് കേസ് മുംബൈ പോലീസ് അവസാനിപ്പിക്കുന്നു. അജിത്‌ പവാറിനെതിരെ വിശ്വാസ ലംഘനത്തിനും വഞ്ചനാ കുറ്റത്തിനുമാണ് കേസ് എടുത്തിരുന്നത്. വസ്തുതാപരമായ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന വാദമുയര്‍ത്തിയാണ് കേസ് പിന്‍വലിക്കുന്നത്. മഹാരാഷ്ട്ര സഹകരണ ബാങ്കുമായി (എം.എസ്.സി) ബന്ധപ്പെട്ട് അജിത്‌ പവാറിനും മറ്റ് എഴുപതോളം പേര്‍ക്കുമെതിരെയാണ് കേസ് എടുത്തിരുന്നത്. അജിത് പാവാറിനെ തെറ്റായി ഉള്‍പ്പെടുത്തിയതാണെന്ന് അന്വേഷണസംഘം മാര്‍ച്ച്‌ 1ന് പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി. പബ്ലിക് പ്രോസിക്യൂട്ടര്‍ രാജ താക്കറെ വഴിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മാര്‍ച്ച് 15ന് കോടതി ഇത് പരിഗണിക്കും. കേസ് മുന്നോട്ട് കൊണ്ടുപോകണോ അവസാനിപ്പിക്കണോ എന്നതില്‍ അന്ന് തീരുമാനമുണ്ടാകും.

2019ലാണ് അജിത്‌ പവാര്‍ ഉള്‍പ്പെട്ട അഴിമതിക്കേസില്‍ ബോംബെ ഹൈക്കോടതി അന്വേഷണം ആവശ്യപ്പെടുന്നത്. അജിത്‌ പവാര്‍ മഹാരാഷ്ട്ര സ്റ്റേറ്റ് കോപ്പറേറ്റീവ് ഡയറക്ടര്‍ ആയിരിക്കെ ചില പഞ്ചസാര മില്ലുകള്‍ക്ക് ക്രമരഹിതമായി വായ്പ അനുവദിക്കുകയും തിരിച്ചടവ് മുടങ്ങിയപ്പോള്‍ മില്ലുകള്‍ ജപ്തി ചെയ്ത് ലേലം ചെയ്യുകയുമായിരുന്നു. എന്നാല്‍ ലേലം ചെയ്തപ്പോള്‍ പവാര്‍ കുടുംബവുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ തന്നെ ഇവ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കിയെന്നാണ് ആരോപണം. അനധികൃത മാർഗങ്ങളിലൂടെയാണ് വായ്പകൾ നേടിയതെന്നും സംഭരണ ​​പ്രക്രിയയിൽ നിരവധി ക്രമക്കേടുകൾ നടന്നതായും കേസ് അന്വേഷിച്ച സാമ്പത്തിക കുറ്റകൃത്യ വിഭാഗം കണ്ടെത്തി. 2007 ജനുവരി 1 നും 2017 ഡിസംബർ 31 നും ഇടയിൽ സംസ്ഥാന ഖജനാവിന് 25,000 കോടി രൂപയുടെ നഷ്ടമുണ്ടായാതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കള്ളപ്പണ വെളുപ്പിക്കല്‍ ആരോപണത്തില്‍ മറ്റൊരു കേസ് ഇഡി രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഈ കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും അജിത്‌ പവാറിനെ ഒഴിവാക്കിയിരുന്നു.

ഇതാദ്യമായല്ല മഹാരാഷ്ട്ര പോലീസ് കേസ് അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്നത്. 2020ൽ മഹാ വികാസ് അഘാഡി (എംവിഎ) – ശിവസേന, എൻസിപി, കോൺഗ്രസ് എന്നിവ ഉൾപ്പെടുന്ന ത്രികക്ഷി സർക്കാർ അധികാരത്തിലിരുന്നപ്പോൾ കേസില്‍ ആദ്യ ക്ലോഷര്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു. അന്നും പവാർ ഉപമുഖ്യമന്ത്രിയായിരുന്നു. പിന്നീട് 2022ല്‍ എംവിഎ സര്‍ക്കാര്‍ തകരുകയും ബിജെപി- ഏകനാഥ് ഷിൻഡെ നേതൃത്വത്തിലുള്ള ശിവസേന അധികാരം ഏറ്റെടുക്കുകയും ചെയ്തപ്പോൾ കേസ് പുനരന്വേഷിക്കാന്‍ സാമ്പത്തിക കുറ്റകൃത്യ വിഭാഗം താത്പര്യം കാണിച്ചിരുന്നു. 2023ല്‍ അജിത്‌ പവാര്‍ ശിവസേന-ബിജെപി സർക്കാരിൽ ചേരുകയും ഉപമുഖ്യമന്ത്രി സ്ഥാനം വീണ്ടെടുക്കുകയും ചെയ്തു.

എതിര്‍ പാര്‍ട്ടിയില്‍ ആയിരിക്കെ അഴിമതി കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിട്ട നേതാക്കള്‍ പിന്നീട് ബിജെപിയില്‍ ചേരുമ്പോള്‍ കേസ് ഇല്ലാതാകുന്നത് ഇതാദ്യമല്ല. മധ്യപ്രദേശില്‍ കമല്‍ നാഥന്റെ സര്‍ക്കരിനെ താഴെയിറക്കിയ ജോതിരാധിത്യ സിന്ധ്യ, തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാവായിരുന്ന സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശര്‍മ തുടങ്ങി ബിജെപിയില്‍ ചേര്‍ന്ന പല നേതാക്കളുടെയും കേസുകള്‍ അപ്രത്യക്ഷമായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here