‘മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ക്രമക്കേട്’ ശരിവച്ച് കേന്ദ്രമന്ത്രിയുടെ ഭർത്താവ്; നടന്നത് 76 ലക്ഷം വോട്ടിൻ്റെ ക്രമക്കേടെന്ന് പരകാല പ്രഭാകർ

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണം ശരിവച്ച് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവുമായ പരകാല പ്രഭാകർ. ഫലപ്രഖ്യാപന ശേഷം ദ വയറാണ് തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടും എണ്ണിയ വോട്ടുകളും തമ്മിലുള്ള പൊരുത്തക്കേടുകൾ ആദ്യം പുറത്തുവിട്ടിരുന്നത്. ആകെ പോള്‍ ചെയ്ത വോട്ടുകള്‍ 64,088,195 ആയിരുന്നുവെന്നും എണ്ണിയപ്പോൾ അത് 64,592,508 വർധിച്ചുവെന്നുമായിരുന്നു റിപ്പോർട്ട്. പോള്‍ ചെയ്ത വോട്ടിനെക്കാള്‍ 504,313 അധികം വോട്ടുകള്‍ വോട്ടെണ്ണല്‍ ദിവസം എണ്ണിയെന്നാണ് ദ വയര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ മുതിർന്ന മാധ്യമ പ്രവർത്തകൻ കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിൽ 76 ലക്ഷം വോട്ടുകൾ കൂടി എന്നാണ് പരകാല പ്രഭാകർ പറയുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട മഹാരാഷ്ട്രയിലെ ക്ലോസ് അപ് പോളുകളും അന്തിമ കണക്കക്കുകളും താരതമ്യം ചെയ്താണ് പ്രഭാകർ പൊരുത്തക്കേടുകൾ തുറന്നുകാട്ടുന്നത്.
തിരഞ്ഞെടുപ്പ് നടന്ന നവംബർ 20ന് 5 മണിക്ക് 58.22 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. ഇത് രാത്രി 11.30 ആയപ്പോഴേക്കും 65.02 ശതമാനമായി കൂടി. വോട്ടെണ്ണലിന് മുമ്പ് വീണ്ടും വർധിച്ച് 66.05 ശതമാനമായി മാറി. മൊത്തം 7.8 ശതമാനമാണ് കൂടിയിരിക്കുന്നത്. തിരഞ്ഞെടുപ്പു കമ്മിഷന്റെ ചരിത്രത്തിൽ ഇതുവരെ താൽക്കാലിക കണക്കും അന്തിമ കണക്കും തമ്മിലുള്ള വ്യത്യാസം ഒരിക്കലും ഒരു ശതമാനം കവിഞ്ഞിട്ടില്ല. എല്ലായ്പ്പോഴും അതിൽ കുറച്ചാണ് വ്യത്യാസമുണ്ടാകുന്നത്. എന്നാൽ മഹാരാഷ്ട്രയിൽ താൽക്കാലിക കണക്കിനും അന്തിമ കണക്കിനും ഇടയിൽ വലിയ വർധനവാണ് ഉണ്ടായതെന്നു പ്രഭാകർ പറയുന്നു.
Also Read: മഹാരാഷ്ട്രയിൽ ബിജെപിയുടെ ‘മഹായുതി’; ജാർഖണ്ഡിൽ കോൺഗ്രസിൻ്റെ ‘ഇൻഡ്യ
മഹാരാഷ്ട്രയ്ക്കൊപ്പം വോട്ടെടുപ്പു നടന്ന ഝാർഖണ്ഡിൽ അഞ്ച് മണിക്കും രാത്രി 11.30നുമുള്ള പോളിങ് ശതമാനത്തിലെ വ്യത്യാസം 1.79 ശതമാനം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അട്ടിമറി നടന്നിട്ടില്ലെന്ന് തെളിയിക്കാൻ തിരഞ്ഞെടുപ്പിന്റെ മുഴുവൻ പ്രക്രിയയും കമ്മിഷന് വിഡിയോഗ്രാഫ് ചെയ്യേണ്ടിവരും. വിവിപാറ്റ് സ്ലിപ്പുകളും കണക്കെടുക്കണം. എന്നാൽ വിഡിയോഗ്രാഫ് എവിടെ എന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരമില്ല. അതിന് വിശദീകരണം നൽകാൻ അവർക്ക് കഴിയുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയപ്പോഴും മറുപടി ഉണ്ടായിരുന്നില്ലെന്ന് പരകാല പ്രഭാകർ ആരോപിക്കുന്നു.
അതേസമയം മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് എണ്ണിയെന്നുള്ള റിപ്പോര്‍ട്ട് തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. റിപ്പോര്‍ട്ട് തെറ്റിദ്ധാരണാജനകമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പുറത്ത് വിട്ടത് പോസ്റ്റല്‍ വോട്ടുകള്‍ കൂടാതെയുള്ള കണക്കുകളാണ്. റിപ്പോര്‍ട്ടില്‍ 5,38,225 വോട്ടുകള്‍ കണക്കാക്കിയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവകാശപ്പെട്ടിരുന്നു.
Also Read : ‘മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം ഗൂഢാലോചന നടത്തി അട്ടിമറിച്ചു’; യഥാർത്ഥ ജനവിധിയല്ലിതെന്ന് ശിവസേന
288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ ഭരണകക്ഷിയായ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം 230 സീറ്റുകളാണ് നേടിയാണ് തുടർഭരണം സ്വന്തമാക്കിയത്. കോൺഗ്രസ് നേതൃത്വം നൽകുന്ന എംവിഎ സഖ്യം 46 സീറ്റുകളിലൊതുങ്ങിയിരുന്നു. 20 സീറ്റുകൾ നേടി പ്രതിപക്ഷ പാളയത്തിലെ ഏറ്റവും വലിയ കക്ഷിയായി ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) മാറിയപ്പോള്‍ കോൺഗ്രസ് 16 ഉം എൻസിപി (ശരദ് പവാർ വിഭാഗം) 10 സീറ്റുകളുമാണ് നേടിയത്. മറുവശത്ത് 132 സീറ്റോടെ ബിജെപിയാണ് മഹായുതി സഖ്യത്തിലെ വലിയ കക്ഷി. എൻസിപി അജിത് പവാർ വിഭാഗം 41 സീറ്റുകളും ഷിന്‍ഡെ വിഭാഗം ശിവസേന 57 സീറ്റുകളും നേടി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here