ആരാകും മഹാരാഷ്ട്ര മുഖ്യമന്ത്രി; മഹായുതിയിലും മഹാവികാസ് അഘാഡിയിലും തര്‍ക്കം രൂക്ഷമാകും
വീറും വാശിയും നിറഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പാണ് മഹാരാഷ്ട്രയില്‍ കഴിഞ്ഞത്. ഫലപ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രവും. പക്ഷെ വിജയിച്ചാല്‍ ആരാകും മുഖ്യമന്ത്രി എന്ന ചോദ്യത്തിന് നിലവിലെ ഭരണകക്ഷിയായ മഹായുതി സഖ്യത്തിനും പ്രതിപക്ഷമായ മഹാവികാസ് അഘാഡിക്കും ഉത്തരമില്ല.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ നേരിയ ഭൂരിപക്ഷം പ്രവചിക്കുന്നത് നിലവിലെ ഭരണകക്ഷിയായ മഹായുതി സഖ്യത്തിനാണ്. നിലവിലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയ്ക്ക് പകരം ബിജെപിയുടെ ഫഡ്‌നവിസ് എത്തുമോ എന്ന കാര്യത്തില്‍ ബിജെപി മനസ് തുറന്നിട്ടില്ല. 2020-ല്‍ ബിജെപിയും ശിവസേനയും അകന്നത് മുഖ്യമന്ത്രി സ്ഥാനത്തെ തുടര്‍ന്നുള്ള പടലപ്പിണക്കത്തിലാണ്. തുടര്‍ന്ന് എന്‍സിപിയെയും കോണ്‍ഗ്രസിനെയും കൂടെ കൂട്ടി ഉദ്ധവ് താക്കറെ സര്‍ക്കാരുണ്ടാക്കി. ഈ പക മനസില്‍ വെച്ച ബിജെപി ഷിന്‍ഡെയുടെ നേതൃത്വത്തില്‍ സേനയെ പിളര്‍ത്തി പിന്നീട് അധികാരം പിടിച്ചു.
ഷിന്‍ഡെയുടെ നേതൃത്വത്തിലാണ് മഹായുതി തിരഞ്ഞെടുപ്പിനെ നേരിട്ടത് എന്നതിനാല്‍ സഖ്യം വന്നാല്‍ ഷിന്‍ഡെ തന്നെയാകും മുഖ്യമന്ത്രി എന്നാണ് ശിവസേനയുടെ മറുപടി. പക്ഷെ ബിജെപി ഈ കാര്യത്തില്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ല.
മഹാവികാസ് അഘാഡിയും ആരാകും മുഖ്യമന്ത്രി എന്ന് തീരുമാനിച്ചിട്ടില്ല. മഹാവികാസ് അഘാഡി ഭരണസമയത്ത് ഉദ്ധവ് താക്കറെയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ ഉദ്ധവ് മുഖ്യമന്ത്രിയാകുന്നതിനോട് കോണ്‍ഗ്രസിന് താത്പര്യക്കുറവുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരാണ് നിലവില്‍ വരിക എന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. അതായത് മുഖ്യമന്ത്രി കോണ്‍ഗ്രസില്‍ നിന്നാകും എന്ന് ചുരുക്കം. ഇത് ശിവസേന ഉദ്ധവ് വിഭാഗം സമ്മതിക്കാന്‍ ഇടയില്ല. അതിനര്‍ത്ഥം രണ്ട് മുന്നണിയായാലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകാനാണ് സാധ്യത.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here