മഹേഷ് ബാബുവിനെ പൊട്ടിച്ചിരിപ്പിച്ച് ‘പ്രേമലു’; അടുത്തകാലത്തൊന്നും ഇങ്ങനെ ചിരിച്ചിട്ടില്ലെന്ന് താരം; 100 കോടിയും കടന്ന് കുതിപ്പ്
മലയാളം റൊമാന്റിക് കോമഡി ചിത്രം പ്രേമലു ഹൈദരാബാദിലെ തിയറ്ററുകളിലും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സംവിധായകന്‍ എസ്.എസ് രാജമൗലിയുടെ മകന്‍ കാര്‍ത്തികേയയാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് വിതരണം ചെയ്യുന്നത്. കഴിഞ്ഞദിവസം നാഗചൈതന്യയും രാജമൗലിയും അടക്കമുള്ള താരങ്ങള്‍ പ്രേമലുവിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ആ കൂട്ടത്തില്‍ ഏറ്റവും ഒടുവിലത്തെ പേര് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവിന്റെതാണ്.
താന്‍ കുടുംബത്തോടൊപ്പമാണ് പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് കണ്ടതെന്ന് മഹേഷ് ബാബു പറയുന്നു. “അവസാനമായി ഒരു സിനിമ കണ്ട് ഞാന്‍ ഇത്രയധികം ചിരിച്ചത് എന്നാണെന്ന് എനിക്കോര്‍മയില്ല,” മഹേഷ് ബാബു എക്‌സില്‍ കുറിച്ചു. അഭിനേതാക്കളുടെ പ്രകടനത്തെ പ്രശംസിച്ച താരം എസ്.എസ് കാര്‍ത്തികേയയ്ക്ക് നന്ദി പറയാനും പറന്നില്ല.
Thank you @ssk1122 for bringing #Premalu to the Telugu audience… Thoroughly enjoyed it…. Can't remember the last time when I laughed so much while watching a film… The entire family loved it 😁 Top class acting by all the youngsters 🤗🤗🤗Congratulations to the entire team!!
— Mahesh Babu (@urstrulyMahesh) March 12, 2024
നസ്ലെന്‍, മമിത ബൈജു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. ചിത്രത്തിന്റെ മലയാളം പതിപ്പിനും ഹൈദരാബാദില്‍ വന്‍ സ്വീകരണമായിരുന്നു. ഇതിനു പിന്നാലെയാണ് മൊഴിമാറ്റത്തിനൊരുങ്ങിയതും എസ്.എസ് കാര്‍ത്തികേയ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തതും. പ്രേമലുവിന്റെ കഥ നടക്കുന്നതും ഹൈദരാബാദിലാണ്. ആഗോള ബോക്സ് ഓഫീസിൽ 100 കോടി പിന്നിടുമ്പോഴും നിറഞ്ഞ സദസുകളിലാണ് പ്രേമലു പ്രദർശനം തുടരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here