‘രാജമാണിക്യം’ ആണോ ‘ഗുണ്ടൂര്‍ കാരം’?; നെറ്റിസണ്‍സ് ചോദിക്കുന്നു

മഹേഷ് ബാബുവിനെ നായകനാക്കി ഹിറ്റ്‌മേക്കര്‍ ത്രിവിക്രം ശ്രീനിവാസ് ഒരുക്കുന്ന ‘ഗുണ്ടൂര്‍ കാരം’ എന്ന തെലുങ്ക് ചിത്രം മകരസംക്രാന്തി റിലീസ് ആയി തിയറ്ററുകളില്‍ എത്താനിരിക്കുകയാണ്. കഴിഞ്ഞദിവസം ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തപ്പോള്‍ മുതല്‍ 2005ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘രാജമാണിക്യ’വും ‘ഗുണ്ടൂര്‍ കാര’വും തമ്മിലുള്ള അത്ഭുതപ്പെടുത്തുന്ന സാമ്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇന്റര്‍നെറ്റില്‍.

‘ഗുണ്ടൂര്‍ കാര’ത്തിന്റെ ട്രെയിലറില്‍ നിന്ന്, മഹേഷ് ബാബു അവതരിപ്പിക്കുന്ന നായക കഥാപാത്രമായ രമണക്ക് തന്റെ അമ്മ വസുന്ധരയുമായി യാതൊരു വൈകാരിക ബന്ധവുമില്ലെന്ന് വ്യക്തമാണ്. വസുന്ധര ചെറുപ്പത്തില്‍ തന്നെ രമണയെ ഉപേക്ഷിച്ച് മറ്റൊരു കുടുംബവും കുട്ടികളുമായി ജീവിക്കുന്ന സ്ത്രീയാണ്. വര്‍ഷങ്ങള്‍ക്കു ശേഷം അമ്മയും മകനും കണ്ടുമുട്ടുന്നതായാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. രമ്യാ കൃഷ്ണനാണ് വസുന്ധര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മമ്മൂട്ടി നായകനായ ‘രാജമാണിക്യ’ത്തിന്റെ കഥയും ഇതുതന്നെ. മാണിക്യത്തിന്റെ അമ്മ മുത്തുലക്ഷ്മി, ഭര്‍ത്താവിന്റെ മരണത്തിന് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം, ബിസിനസുകാരനായ രാജരത്‌നം പിള്ളയെ വിവാഹം കഴിക്കുകയും മകനെ വിട്ടുപോകുകയും ചെയ്ത ആളാണ്. അമ്മയെ അന്വേഷിച്ച് രണ്ടാനച്ഛന്റെ വീട്ടിലെത്തുന്ന മാണിക്യത്തെ സ്വീകരിക്കാന്‍ അമ്മ വിസമ്മതിക്കുന്നു. എന്നാല്‍ സത്യം കണ്ടെത്തുന്ന രാജരത്‌നം, മാണിക്യത്തെ രാജമാണിക്യമാക്കി വളര്‍ത്തുന്നു. വര്‍ഷങ്ങള്‍ക്കുശേഷം പിള്ളയുടെ മരണത്തെ തുടർന്ന് കുടുംബപ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മാണിക്യം തിരികെയെത്തുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ‘രാജമാണിക്യം’ എന്ന സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത്.

‘ഗുണ്ടൂര്‍ കാര’ത്തിലെ അമ്മ-മകന്‍ ട്രാക്ക് ‘രാജമാണിക്യ’ത്തില്‍ നിന്ന് സ്വീകരിച്ചതാണെന്നാണ് നെറ്റിസണ്‍സ് വാദിക്കുന്നത്. എന്നാല്‍ ‘രാജമാണിക്യ’വും ‘ഗുണ്ടൂര്‍ കാര’വും തമ്മില്‍ കൂടുതല്‍ സാമ്യങ്ങളുണ്ടോ എന്നറിയാന്‍ റിലീസ് വരെ കാത്തിരിക്കേണ്ടി വരും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top