ദലീമയ്ക്കെതിരെ മഹിളാ കോൺഗ്രസ്; സിപിഎം എംഎല്‍എ മാപ്പ് പറയണം
തിരുവനന്തപുരം: സുരേഷ് ഗോപിയെ പിന്തുണച്ച് സിപിഎം എംഎൽഎ ദലീമ ജോജോ നടത്തിയ വിവാദ പരാമർശത്തിൽ ആദ്യമായി പ്രതികരിച്ച് മഹിളാ കോൺഗ്രസ്. മാധ്യമ സിൻഡിക്കറ്റ് പുറത്തുവിട്ട വാർത്തയിലാണ് പ്രസിഡന്റ് ജെബി മേത്തറിന്റെ പ്രതികരണം. സ്ത്രീവിരുദ്ധ പരാമർശമാണ് ദലീമ നടത്തിയത്. വിഷയത്തില്‍ കേരളത്തിലെ സ്ത്രീകളോട് എംഎല്‍എ മാപ്പ് പറയണമെന്നും ജെബി മേത്തര്‍ ആവശ്യപ്പെട്ടു.
ഇടതുപക്ഷ വനിതാ എംഎല്‍എ സുരേഷ്ഗോപിയെ മഹത്വവല്‍ക്കരിച്ച്, അദ്ദേഹത്തിന് ഇങ്ങനൊരു പ്രവര്‍ത്തി ചെയ്യണ്ടേ കാര്യമില്ല എന്ന് പറഞ്ഞ് ന്യായീകരിച്ചത് അംഗീകരിക്കാന്‍ കഴിയാത്തതാണ്. സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകയുടെ മാനസികാവസ്ഥയിലാണ് കാര്യങ്ങള്‍ വിലയിരുത്തേണ്ടത്. സുന്ദരിമാരെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിലും എംഎല്‍എ വ്യക്തത വരുത്തേണ്ടതുണ്ട്. സ്ത്രീ വിരുദ്ധമായ പരാമര്‍ശം പിന്‍വലിക്കേണ്ടത് അനിവാര്യമാണെന്നും ജെബി മേത്തര്‍ പറഞ്ഞു.
അമേരിക്കയിൽ നടന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വനിതാ ഫോറത്തിലായിരുന്നു ദലീമയുടെ വിവാദ പ്രതികരണം. സിനിമാ നടനായ സുരേഷ്ഗോപി ധാരാളം അതിസുന്ദരിമാരെ കണ്ടിട്ടുള്ള വ്യക്തിയാണെന്നും അങ്ങനെയൊരാൾ പൊതുമധ്യത്തിൽ അപമര്യാദയായി പെരുമാറി എന്ന് കരുതാനാവില്ലെന്നമായിരുന്നുമായിരുന്നു എംഎല്‍എ പറഞ്ഞത്. സുരേഷ് ഗോപി ചെയ്തിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. തൊട്ടും ഉമ്മവച്ചും വാത്സല്യം പ്രകടിപ്പിക്കുന്നത് മലയാളികളുടെ ശൈലിയാണ്. അതിൽ ദുരുദ്ദേശം ആരോപിക്കുന്നത് ശരിയല്ലെന്നും ദലീമ അഭിപ്രായപ്പെട്ടിരുന്നു.
ഇതിനെതിരെയാണ് മഹിളാ കോൺഗ്രസ് അധ്യക്ഷയുടെ രൂക്ഷ വിമര്‍ശനം.