മഹുവ പുറത്ത്; നടപടി ഏകപക്ഷീയമെന്ന് പ്രതിപക്ഷം, വോട്ടെടുപ്പ് ബഹിഷ്കരിച്ചു

ഡല്‍ഹി: ഇന്ദിരാ ഗാന്ധിയ്ക്ക് ശേഷം മറ്റൊരു വനിതയെ പുറത്താക്കി ഇന്ത്യന്‍ പാര്‍ലമെന്റ് വീണ്ടും ചരിത്രം സൃഷ്ടിച്ചു. പശ്ചിമ ബംഗാളിൽ നിന്നുള്ള തൃണമൂൽ കോണ്‍ഗ്രസ്‌ എം.പി മഹുവ മൊയ്ത്രയെയാണ് പുറത്താക്കിയത്. പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 1978 ഡിസംബര്‍ 19നാണ് ഇന്ദിരാ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് പുറത്താക്കിയത്. അന്ന് പ്രിവിലെജ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പുറത്താക്കിയത്.

നരേന്ദ്ര മോദിയെയും ബിജെപി സര്‍ക്കാരിനെയും രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ചിരുന്ന നേതാവാണ് മഹുവ മൊയ്ത്ര. എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട്‌ പഠിക്കാന്‍ സമയം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും സ്പീക്കര്‍ അത് നിഷേധിച്ചു. മഹുവയ്ക്ക് സംസാരിക്കാനുള്ള അനുമതിയും നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വോട്ടെടുപ്പിലും പ്രതിപക്ഷം പങ്കെടുത്തില്ല. തെളിവില്ലാതെയാണ് പുറത്താക്കിയതെന്ന് മഹുവ പ്രതികരിച്ചു.

അദാനി ഗ്രൂപ്പിനെക്കുറിച്ച് ചോദ്യം ഉന്നയിക്കാൻ വ്യവസായിയായ ദർശൻ ഹീരാനന്ദാനിയിൽ നിന്ന് പണം വാങ്ങിയെന്നാണ് ആരോപണം. ദുബായിൽ നിന്ന് ചോദ്യങ്ങൾ പോസ്റ്റ് ചെയ്യാൻ മഹുവയുടെ പാർലമെന്റ് ലോഗിൻ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ചെന്ന് ദർശൻ ഹീരാനന്ദാനി നേരത്തെ സമ്മതിച്ചിരുന്നു. സുഹൃത്തായ ദർശന് പാർലമെന്റ് ലോഗിൻ ഐഡിയും പാസ്സ്‌വേർഡും നൽകിയെന്ന് മഹുവയും പറഞ്ഞിരുന്നു. എന്നാൽ ചോദ്യം ചോദിക്കാൻ പണം വാങ്ങിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.

മഹുവയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച ബിജെപി എം.പി നിഷികാന്ത് ദുബെ, മഹുവ മൊയ്ത്രയുടെ മുൻ പങ്കാളി ജയ് ആനന്ദ് ദേഹാദ്റായ് എന്നിവരും കമ്മിറ്റിക്ക് മുന്നിൽ ഹാജരായി മൊഴി നൽകിയിരുന്നു. ഇത്തരം കുറ്റങ്ങൾ അന്വേഷിക്കാൻ നിയമനിർവഹണ ഏജൻസിക്കു മാത്രമേ അധികാരമുള്ളൂ എന്ന് മഹുവ നേരത്തെ പറഞ്ഞിരുന്നു. കമ്മിറ്റിയില്‍ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നും അവര്‍ ആരോപിച്ചിരുന്നു

പാർലമെന്റിലെ തൃണമൂൽ കോൺഗ്രസിന്റെ കരുത്തുറ്റ പ്രതിനിധിയാണ് മഹുവ മൊയ്ത്ര. 2019ൽ കൃഷ്ണാഗറിൽ നിന്നാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപിക്കെതിരെ പ്രതിപക്ഷ നിരയിൽ നിന്ന് ഉയർന്നു കേൾക്കുന്ന ശബ്ദങ്ങളിലൊന്ന് മഹുവയുടെതാണ്. 1974ൽ കൊൽക്കത്തയിൽ ജനിച്ച മഹുവ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തുടർപഠനത്തിനായി അമേരിക്കയിലേക്ക് പോയി. ബിരുദം നേടിയ ശേഷം ന്യൂയോർക്കിലെ ജെപി മോർഗൻ ചേയ്‌സിൽ ജോലി ആരംഭിച്ചു. 2008ലാണ് അമേരിക്കയിലെ ഉന്നത ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി യൂത്ത് കോൺഗ്രസിൽ അംഗമായത്. രാഹുൽ ഗാന്ധി നേതൃത്വം നൽകിയ ‘ആം ആദ്മി ക സിപാഹി’ എന്ന പദ്ധതിയിലൂടെയാണ് മഹുവ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ചുരുങ്ങിയ കാലയളവിൽത്തന്നെ പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് സുപരിചിതമായ മുഖമായി മഹുവ മാറി.

2010ൽ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് കോൺഗ്രസ് വിട്ട മഹുവ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. 2016ലെ പൊതു തിരഞ്ഞെടുപ്പിൽ കരിംപുർ മണ്ഡലത്തിൽ നിന്ന് തൃണമൂൽ കോൺഗ്രസ് എംഎൽഎയായി വിജയിച്ചു. പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി, വക്താവ് എന്നീ പദവികളും വഹിച്ചു. 2019ൽ കൃഷ്ണാഗറിൽ നിന്ന് എം.പി യായി ജയിച്ചു. മഹുവയുടെ പാർലമെന്റിലെ ആദ്യ പ്രസംഗം ഫാസിസത്തിനെതിരെയായിരുന്നു. നിരവധി പ്രശംസകൾ അന്നതിന് ലഭിച്ചു. 2022ൽ നടന്ന ഇന്ത്യ ടുഡേ കോൺക്ലേവിൽ മഹാകാളി മാംസഭുക്കാണെന്നും മദ്യം അംഗീകരിക്കുന്ന ദേവിയാണെന്നുമുള്ള പരാമർശത്തിന്റെ പേരിൽ വലിയ വിവാദം ഉണ്ടായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് ബിജെപിക്കെതിരെയും മൊയ്ത്ര കേസ് കൊടുത്തിരുന്നു. സീ ചാനലിനെതിരെ മഹുവ നടത്തിയ പരാമർശത്തിന്റെ പേരിൽ ചാനൽ അവർക്കെതിരെ അപകീർത്തിക്ക് കേസ് നൽകിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top